കാഞ്ചിയാർ അഞ്ചുരുളി ആദിവാസി കുടിയിൽ കാട്ടാന ആക്രമണം പതിവാകുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കാഞ്ചിയാർ അഞ്ചുരുളി ആദിവാസി സെറ്റിൽമെൻ്റിൽ കാട്ടാന ശല്യം രൂക്ഷമാകുന്നത്. ഒരു മാസം മുമ്പ് ഒരു ആന മാത്രമാണ് എത്തിയതെങ്കിൽ ഇപ്പോൾ 6 ആനകളാണ് പ്രദേശത്ത് നാശം വിതയ്ക്കുന്നത്. കഴിഞ്ഞദിവസം എത്തിയ കാട്ടാനക്കൂട്ടം റെജി ചിരട്ടവയലിൽ, കുഴിയാനിപള്ളിൽ രുഗ്മിണി, ജയിംസ് പ്ലാപ്പറമ്പിൽ, റ്റിൻ്റാ വെട്ടിക്കൽ തുടങ്ങിയവരുടെ ഏലം ഉൾപ്പെടെയുള്ള കൃഷി ദേഹണ്ഡങ്ങൾ നശിപ്പിച്ചു.
ജയിംസ് പ്ലാപ്പറമ്പിലിന്റെ വീടും കാട്ടാനകൾ തകർത്തു. അഞ്ചുരുളി ആദിവാസി കുടിയിൽ അഞ്ചുവർഷം മുമ്പ് വൈദ്യുതി വേലി സ്ഥാപിക്കാൻ വനം വകുപ്പ് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ അന്ന് ഈ മേഖലയിൽ കാട്ടാന ശല്യം കുറവാണെന്ന പേരിൽ പദ്ധതി നടപ്പാക്കിയില്ല.
കാട്ടാന ശല്യം മൂലം പണിക്കു പോകാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ആദിവാസികൾ ഉൾപ്പെടെയുള്ളവർ. മഴ ശക്തമാകുന്നതോടെ അഞ്ചുരുളി ആദിവാസി കൂടി ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാകും. വന്യമൃഗ ശല്യം ഒഴിവാക്കാൻ RRT യെ ഉൾപ്പെടെ നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം.