ഇരട്ടയാർ ശാന്തിഗ്രാമിന്റെ വികസന നായകനായിരുന്ന അന്തരിച്ച സ്കറിയ തോമസ് പുളിക്കയിലിൻ്റെ ഒന്നാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു

ഇരട്ടയാർ ശാന്തിഗ്രാമിന്റെ വികസനത്തിന് നിർണായക പങ്കു വഹിച്ച പുളിക്കയിൽ സ്കറിയ തോമസ് വിടവാങ്ങിയിട്ട് ഒരു വർഷം തികയുകയാണ്. അസുഖങ്ങളെ തുടർന്ന് 95-ാം വയസ്സിൽ ആയിരുന്നു അന്ത്യം. കുടിയേറ്റ കർഷകരായ ഇദ്ദേഹം ആദ്യകാല കേരള കോൺഗ്രസ് എം നേതാവായിരുന്നു ഇദ്ദേഹം സൗജന്യമായി വിട്ടു നൽകിയ സ്ഥലത്താണ് ശാന്തി ഗ്രാംസർവീസ് സഹകരണ ബാങ്ക് നിർമ്മിച്ചത്. ബാങ്കിൻറെ സ്ഥാപക പ്രസിഡണ്ടായ സ്കറിയ യാതൊരു പ്രതിഫലവും ഇല്ലാതെയാണ് 25 വർഷം പദവി വഹിച്ചത്.
നിലവിലുള്ള ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെൻറ് സ്കൂൾ വരുന്നതിനു മുമ്പുണ്ടായിരുന്ന ഇരട്ടയാർ ഗവൺമെൻറ് ഹൈസ്കൂളിന് സ്ഥലം സംഭാവന നൽകിയതും ഇദ്ദേഹമായിരുന്നു. കൂടാതെ ശാന്തിഗ്രാം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിക്കും സെമിത്തേക്കും സൗജന്യമായി സ്ഥലം നൽകി. കൂടാതെ പള്ളിയിലേക്കും ശാന്തിഗ്രാം ക്ഷേത്രത്തിലേക്കുള്ള റോഡ് നിർമ്മിക്കുവാനും അന്തോണിപ്പാറ റോഡിനും ശാന്തിഗ്രാം വെട്ടിക്കൽ പടി ഇരട്ടയാർ നോർത്ത് റോഡിനും സൗജന്യമായി സ്ഥലം നൽകി.
ശാന്തിഗ്രാം അംഗനവാടിക്കും സ്ഥലം സൗജന്യമായി നൽകിയിട്ടുണ്ട്. സ്കറിയ തോമസിന്റെ ഒന്നാം ചരമവാർഷിക ദിനാചരണം ശാന്തിഗ്രാം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവരുടെ വലിയ രീതിയിലുള്ള പങ്കാളിത്തത്തോടെയാണ് നടന്നത്. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചൻ നീറാണാകുന്നേൽ ഉദ്ഘാടനം ചെയ്തു.
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനന്ദ് സുനിൽകുമാർ അധ്യക്ഷൻ ആയിരുന്നു. ചടങ്ങിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്ക് ത്രേസ്യാമ സ്കറിയ പുളിക്കയിൽ സ്മാരക സ്കോളർഷിപ്പും വിതരണം ചെയ്തു. കൂടാതെ ദേശീയ സംസ്ഥാന കലാകായിക മത്സരങ്ങളിലെ വിജയികളെ ആദരിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങൾ വിവിധ സാമുദായിക സംഘടന നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.