കേരള പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ വാഹന പ്രചരണ ജാഥ 17, 18 തീയതികളില്‍ വാഗമണ്ണില്‍നിന്ന് വണ്ടിപ്പെരിയാറിലേക്ക് നടക്കും

എല്‍ഡിഎഫ് സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയങ്ങള്‍ക്കെതിരെ കേരള പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ ഐഎന്‍ടിയുസി 17, 18 തീയതികളില്‍ വാഗമണ്ണില്‍നിന്ന് വണ്ടിപ്പെരിയാറിലേക്ക് വാഹന പ്രചരണ ജാഥ നടത്തും. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തിയാണ് ജാഥ ക്യാപ്റ്റന്‍. 17ന് വൈകിട്ട് 4ന് വാഗമണ്ണില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. ഐഎന്‍ടിയുസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജ്യോതിഷ്‌കുമാര്‍ മലയാലപ്പുഴ മുഖ്യപ്രഭാഷണം നടത്തും.
18ന് രാവിലെ 8 മുതല്‍ ഗ്രാമ്പി, പാമ്പനാര്‍, റാണികോവില്‍, ലാഡ്രം, ഗ്ലെന്‍മേരി, വുഡ്ലാന്‍ഡ്, ഏലപ്പാറ, കാറ്റാടിക്കവല, പുതുക്കട, ഉപ്പുതറ, ചപ്പാത്ത്, ചെങ്കര, വാളാര്‍ഡി, തങ്കമല, വള്ളക്കടവ്, മൗണ്ട്, അര്‍ണക്കല്‍ എന്നിവിടങ്ങളില്‍ സ്വീകരണത്തിനുശേഷം വൈകിട്ട് 5ന് വണ്ടിപ്പെരിയാറില്‍ സമാപിക്കും. സമാപന സമ്മേളനം ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
കേരള പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ ഐഎന്‍ടിയുസി നേതൃത്വത്തില്‍ ശ്രീപെരുമ്പത്തൂരിലെ രാജീവ് സ്മൃതിമണ്ഡപത്തിലേക്ക് നടത്തുന്ന രാജീവ് സ്മൃതിയാത്ര 19ന് പുറപ്പെടും. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി നയിക്കുന്ന യാത്ര വൈകിട്ട് 5ന് അണക്കരയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജു ഉദ്ഘാടനം ചെയ്യും.
എഐസിസി സെക്രട്ടറി പി വി മോഹന്‍ ജ്യോതി തെളിക്കും. കമ്പം, തേനി, ദിണ്ടിക്കല്‍, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം 21ന് രാവിലെ 8ന് ശ്രീപെരുമ്പത്തൂരില്‍ എത്തും. പ്രവര്‍ത്തകര്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ഥനയും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. ഇ എം ആഗസ്തി, ഷാജി പൈനാടത്ത്, പി ആര്‍ അയ്യപ്പന്‍, ബിജു ദാനിയേല്‍, രാജന്‍ കൊഴുവന്‍മാക്കല്‍ എന്നിവര്‍ പങ്കെടുത്തു.