രാജകുമാരി ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ 1975-76 എസ്എസ്എൽസി ബാച്ച് 49 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഒരിക്കൽകൂടി ഒത്തുകൂടി

ഒരുമിച്ച് ഇരുന്നവർ ഒരു മനസായി കഴിഞ്ഞവർ,വർഷങ്ങൾക്ക് ശേഷമുള്ള അവരുടെ ഒത്തുചേരൽ അതീവഹൃദ്യമായി.49 വർഷങ്ങൾക്കിപ്പുറം പണ്ടത്തെ അതെ പ്രസരിപ്പിലും,ചുറുചുറുക്കിലും അവർ ഒത്തുകൂടി.ഒരുവട്ടം കൂടി ആ പഴയ പത്താം ക്ലാസുകരായി മാറി.പഴയ സഹപാഠികളെ കണ്ടും കെട്ടിപ്പിടിച്ചും കിന്നാരം പറഞ്ഞും ഒരുവട്ടം കൂടി 75 കാലഘട്ടത്തിലേക്ക് സഞ്ചരിക്കുകയാണ്.
സംഗമത്തിൽ ജീവിത വഴിയിൽ വെളിച്ചം പകർന്ന അധ്യാപിക സരസമ്മ രാജപ്പനെ പൊന്നാടയണിയിച്ചും,ഫലകം നൽകിയും ആദരിച്ചു.മണ്മറഞ്ഞു പോയ അദ്ധ്യാപകരെയും സഹപാഠികളെയും അനുസ്മരിച്ചു കൊണ്ടാണ് പൂർവ്വവിദ്യാർത്ഥി സ്‌നേഹ സംഗമത്തിന് തുടക്കം കുറിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പൂർവ വിദ്യാർത്ഥി സംഗമം വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അദ്ധ്യാപികയായിരുന്ന സരസമ്മ രാജപ്പൻ ഉത്‌ഘാടനം ചെയ്‌തു.
വർഷങ്ങൾക്ക് ശേഷം ആത്മമിത്രങ്ങളെ കണ്ടുമുട്ടിയതിൻ്റെ സന്തോഷത്തിൽ ജീവിത അനുഭവങ്ങൾ പങ്ക് വെച്ചും പാട്ടുകൾ പാടിയും സ്നേഹ വിരുന്നിൽ പങ്കെടുത്തും ഗ്രൂപ്പ് ഫോട്ടോയും എടുത്താണ് കൂട്ടുകാർ പിരിഞ്ഞത്. പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് പ്രസിഡന്റ് പി പി അവറാച്ചൻ,സെക്രട്ടറി എം വി ബെന്നി,ട്രഷറർ എൽദോസ് ഡേവിഡ്,ഫാ. പോൾ മണിയാട്ട്,എ എം ഏലിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.