മറയൂര്‍, കാന്തല്ലൂര്‍ കരിമ്പാറയില്‍ രണ്ടു യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. പയസ് നഗര്‍ സ്വദേശി മരുതുംമൂട്ടില്‍ സരീഷ്, കരിമ്പാറ സ്വദേശി രമേശ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മറയൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു

പയസ് നഗര്‍ മരുതുംമൂട്ടില്‍ സരീഷിനെ കുളത്തില്‍ മരിച്ച നിലയിലും കരിമ്പാറ സ്വദേശി രമേശിനെ വീടിന് സമീപത്തുള്ള മരത്തില്‍ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. കുളത്തില്‍ കണ്ടെത്തിയ സരിഷിന്റെ മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മരിച്ച രമേശിനെ ഇന്ന് പുലര്‍ച്ചെ സമീപവാസികള്‍ കണ്ടിരുന്നതായി വിവരമുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച്ച സരീഷും രമേശും ഒരു മണിയോടെ വീട്ടില്‍ നിന്ന് പോയതായും പിന്നീട് സരീഷിനെ കണ്ടിട്ടില്ലെന്നുമുള്ള വിവരം സരീഷിന്റെ കുടുംബാംഗങ്ങള്‍ പങ്ക് വയ്ക്കുന്നുണ്ട്. മറയൂര്‍ പോലീസ് സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൂന്നാറില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി കുളത്തില്‍ നിന്നും സരീഷിന്റെ മൃതദേഹം കരയ്‌ക്കെടുത്തു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.സംഭവത്തില്‍ മറയൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.