കട്ടപ്പനയാറിലെ മീനുകൾ ചത്തുപൊങ്ങുന്നു.

ചൊവ്വാഴ്ച രാവിലെ മുതലാണ് കുഴികോടിപടി മേഖലയിലൂടെ ഒഴുകുന്ന കട്ടപ്പനയാറ്റിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത്. കൂട്ടമായി മത്സ്യങ്ങൾ ചത്തതോടെ വലിയതോതിൽ ദുർഗന്ധവും വമിക്കുകയാണ്. വെള്ളത്തിൽ ആരെങ്കിലും വിഷം കലക്കിയതാവാം എന്നാണ് പ്രദേശവാസികളുടെ സംശയം. വേനലിൽ വരൾച്ചക്ക് ശേഷം മഴ പെയ്തതോടെ കട്ടപ്പനയാറ്റിയിൽ നീരൊഴുക്ക് ആരംഭിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലെ സാമൂഹ്യവിരുദ്ധ പ്രവർത്തനം. ഇതോടെ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
സംഭവത്തിൽ കട്ടപ്പന നഗരസഭയുടെ പരിധിയിൽ ഒഴുകിയെത്തിയ വെള്ളത്തിലാണ് രാസവസ്തു കലർന്നിരിക്കുന്നത് എന്നാണ് നിഗമനം. തുടർന്ന് കാഞ്ചിയാർ പഞ്ചായത്ത് അധികൃതരും നഗരസഭ ആരോഗ്യ വിഭാഗവും പരിശോധന ആരംഭിച്ചു. ഏലം അടക്കമുള്ള കാർഷികവിളികളിൽ രാസവസ്തു പ്രയോഗിച്ചപ്പോൾ വെള്ളത്തിൽ കലർന്നതാവാം എന്ന സംശയവും നിലനിൽക്കുകയാണ്.
അതോടൊപ്പം ആരെങ്കിലും വിഷം കലക്കി മീൻ പിടിക്കാൻ ശ്രമിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്. വിഷാംശം കലർന്നതോടെ ആറ്റിലെ ജലം ഉപയോഗശൂന്യമായതിനൊപ്പം മത്സ്യ സമ്പത്തിനും വലിയ പ്രതിസന്ധിയാണ് ഉണ്ടായത്.