യുഡിഎഫ് പ്രതിഷേധം ജാള്യത മറയ്ക്കാന്‍: സിപിഐ എം

Apr 24, 2025 - 17:56
 0
യുഡിഎഫ് പ്രതിഷേധം ജാള്യത മറയ്ക്കാന്‍: സിപിഐ എം
This is the title of the web page

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയില്‍ എത്തുമ്പോള്‍ പ്രഹസന സമരങ്ങള്‍ സംഘടിപ്പിക്കാനുള്ള യുഡിഎഫ് തീരുമാനം ജനം തള്ളിക്കളയുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജനകീയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് സര്‍വതലസ്പര്‍ശിയായ വികസനം ജില്ല നേരിട്ടറിഞ്ഞത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

28ന് നെടുങ്കണ്ടത്ത് നടക്കുന്ന പരിപാടിയില്‍ വന്‍ ജനപങ്കാളിത്തമുണ്ടാകും. വികസനം എത്തിനോക്കാതിരുന്ന പിന്നാക്കാവസ്ഥയ്ക്ക് അറുതിവരുത്തി ഇടുക്കി സര്‍വ മേഖലകളിലും മുന്നേറ്റം കൈവരിച്ചത് എല്‍ഡിഎഫ് സര്‍ക്കാരുകളുടെ ഭരണകാലയളവിലാണ്. ജില്ലയുടെ മുഖച്ഛായ മാറ്റുന്ന റോഡുകള്‍ ഉള്‍പ്പെടെ വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കി.

കുടിയേറ്റം ആരംഭിച്ച കാലംമുതല്‍ കര്‍ഷകരുടെ ഭൂമിക്ക് ഉപാധിരഹിത, വരുമാന പരിധിയില്ലാതെ പട്ടയം ലഭിക്കണമെന്നുള്ള സ്വപ്‌നം സാക്ഷാത്കരിച്ചു. ഇതുവരെ 55000ലധികം പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഇരട്ടയാറില്‍ 10 ചെയിന്‍ മേഖലയില്‍ ഉള്‍പ്പെടെ ഉപാധിരഹിതപട്ടയം നല്‍കാന്‍ കഴിഞ്ഞത് അഭിമാനമാണ്. കല്ലാര്‍കുട്ടി പത്ത് ചെയിന്‍ മേഖലകളിലടക്കം 5000ലേറെ പട്ടയങ്ങള്‍ വിതരണത്തിന് തയാറായിക്കഴിഞ്ഞു.

മലയോര ജനതയുടെ പതിറ്റാണ്ടുകളായുള്ള മുറിവിളിക്ക് അന്ത്യംകുറിച്ചാണ് 2023 സെപ്തംബര്‍ 14ന് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ ഭൂനിയമ ഭേദഗതി യാഥാര്‍ഥ്യമാക്കിയത്. ജനങ്ങള്‍ക്കാകെ ഭൂമിയുടെ സ്വതന്ത്ര വിനിയോഗത്തിനുള്ള അവകാശം കൈവരുന്നതാണ് ബില്ലിന്റെ അന്തസത്ത. ചട്ടരൂപീകരണത്തോടെ ഇടുക്കി ജനതയുടെ ചിരകാലസ്വപ്നത്തിന് ചിറകുവിരിയും. എല്‍ഡിഎഫ് സര്‍ക്കാര്‍ കുടിയേറ്റ ജനതയ്ക്ക് നല്‍കിയ വലിയ വാഗ്ദാനം നിറവേറ്റപ്പെടും.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനവേഗത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇടുക്കിയിലെ റോഡുകളുടെ നിലവാരം. മലയോര ഹൈവേ ഉള്‍പ്പെടെ മലമടക്കുകളെ ചുറ്റി കടന്നുപോകുന്ന റോഡുകളെല്ലാം ഉന്നതനിലവാരത്തിലെത്തി. എല്ലാ പഞ്ചായത്തുകളെയും താലൂക്കുകളെയും ബന്ധിപ്പിച്ച് ഇതര ജില്ലകളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും സുഗമമായി യാത്രചെയ്യാവുന്ന രാജ്യാന്തര നിലവാരത്തിലുള്ള പാതകള്‍ ജില്ലയില്‍ യാഥാര്‍ഥ്യമായി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം 1894 കോടി രൂപയുടെ റോഡ് വികസനമാണ് ജില്ലയില്‍ ഉണ്ടായത്. പുതിയതും നവീകരിച്ചതുമായി ജില്ലയില്‍ 3000 കിലോ മീറ്ററോളം റോഡ് വികസനത്തിന്റെ പുതുവഴിയാണ് തുറന്നത്.

ഇടുക്കി മെഡിക്കല്‍ കോളേജ് വികസനം, ടൂറിസം പദ്ധതികള്‍, വന്‍പാതകള്‍, പാലങ്ങള്‍, വൈദ്യുതി, സ്‌കൂള്‍ വികസനം, ഗവ. കോളേജ്, സാങ്കേതിക വിദ്യാലയങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, രണ്ടാം വൈദ്യുതി നിലയം, ആയുര്‍വേദ മെഡിക്കല്‍ കോളേജ്, സ്‌കൂള്‍ കെട്ടിടങ്ങള്‍ തുടങ്ങി സര്‍വ മേഖലകളിലും വികസനത്തിന്റെ പുതുവഴികള്‍ തുറന്നു. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് സര്‍ക്കാര്‍ സമയബന്ധിതമായി നടപ്പാക്കിവരുന്നത്. വികസന മുന്നേറ്റം തടയാനുള്ള യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും പ്രഹസന സമരങ്ങള്‍ ജനങ്ങള്‍ എപ്പോഴേ തിരിച്ചറിഞ്ഞു. മഹാദുരന്തങ്ങളില്‍ മലയോര ജനത വിറങ്ങലിച്ചുനിന്ന സമയങ്ങളില്‍ ചേര്‍ത്തുപിടിച്ച എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം ഒന്നായി അണിചേരുമെന്നും ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow