ബി ജെ പി ഇടുക്കി സൗത്ത് ജില്ലാകമ്മറ്റി ഭാരവാഹി തെരഞ്ഞെടുപ്പിൽ അമർഷം പുകയുന്നു; പരാതിയുമായി ഒരു വിഭാഗം സംസ്ഥാന കമ്മറ്റിയിലേക്ക്

ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടനയ്ക്കുള്ളിൽ ഉയർന്ന അമർഷം സംസ്ഥാന നേതൃത്വത്തിന് മുമ്പിലേക്ക് എത്തുന്നു. ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട ഒരു വിഭാഗം സംസ്ഥാന കമ്മിറ്റിയെ സമീപിച്ചു. ബിജെപി ഇടുക്കി ജില്ലാ കമ്മറ്റി രണ്ടായി വിഭജിച്ച് ഇടുക്കി സൗത്ത്, നോർത്ത് കമ്മിറ്റികൾ രൂപീകരിച്ചതിനുശേഷമാണ് തർക്കം ഉടലെടുത്തത്.
സൗത്ത് ജില്ലാ പ്രസിഡണ്ടായി ന്യൂനപക്ഷ മോർച്ച നേതാവായിരുന്ന വി.സി വർഗീസിനെയാണ് സംസ്ഥാന നേതൃത്വം നിയോഗിച്ചത്. ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് നാലുപേരാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. എന്നാൽ തർക്കം ഉടലെടുത്തതോടെ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ട് വി സി വർഗീസിനെ ജില്ലാ പ്രസിഡണ്ടായി തീരുമാനിക്കുകയായിരുന്നു.
വർഗീസിന് പുറമേ കെ കുമാർ, സി സന്തോഷ് കുമാർ, വി വി വിനോദ് കുമാർ എന്നിവരാണ് ജില്ലാ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ചത്. വി സി വർഗീസ് പുതിയ ജില്ലാ പ്രസിഡണ്ട് ആയതോടെ ഏകപക്ഷീയമായി മറ്റു ഭാരവാഹികളെ തീരുമാനിച്ചു എന്നാണ് ആക്ഷേപം. ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച കെ കുമാർ, സന്തോഷ് കുമാർ എന്നിവരെ ജനറൽ സെക്രട്ടറിമാരായി നിയോഗിച്ചപ്പോൾ വി വി വിനോദ് കുമാർ ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്തായി. വിവിധ നിയോജക മണ്ഡലം പ്രസിഡൻ്റുമാർക്കും ജില്ലാ കമ്മിറ്റിയിൽ അർഹമായ പ്രാതിനിധ്യം കിട്ടിയില്ലെന്നാണ് ആക്ഷേപം.
വർഷങ്ങളായി സംഘടനാ രംഗത്തുനിന്ന് മാറിനിന്ന ഒരു വിഭാഗം ആളുകളെ പുതിയ ജില്ലാ ഭാരവാഹികളായി ഉൾപ്പെടുത്തുകയും ചെയ്തു .ഇതും അമർഷത്തിന് ഇടയാക്കി.വനിത പ്രാതിനിധ്യത്തിൻ്റെ പേരിൽ സംഘടനാ രംഗത്ത് സജീവമല്ലാത്തവരെ ഭാരവാഹികൾ ആക്കുകയും സജീവ പ്രവർത്തകരെ തഴയുകയും ചെയ്തതായും ആരോപണമുണ്ട്.
ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന സംസ്ഥാന കമ്മിറ്റി തീരുമാനം അട്ടിമറിച്ചതായും എതിർവിഭാഗം ആരോപിക്കുന്നു. പുതിയ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിൽ പ്രസിഡന്റിന്റെ നിലപാടിനെതിരെ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കപ്പെട്ട ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ദുഃഖവെള്ളിയാഴ്ച ദിവസം ബി ജെ പി പ്രവർത്തകർ എഴുകുംവയൽ കുരിശുമല കയറുന്നു എന്ന് ജില്ലാ പ്രസിഡൻറ് വി സി വർഗീസ് നവമാധ്യമങ്ങളിലൂടെയും മറ്റും പരസ്യം നൽകിയതും വിവാദമായിരുന്നു.