മികച്ച വരുമാനമുള്ള കെഎസ്ആർടിസിയുടെ കട്ടപ്പന-കമ്പം സർവീസ് മുടങ്ങിയിട്ട് ആഴ്ചകൾ പിന്നിടുന്നു

കെഎസ്ആർടിസി കട്ടപ്പന ഡിപ്പോയിൽ നിന്ന് കമ്പത്തേക്ക് സർവീസ് നടത്തുന്ന ബസിന് പ്രതിദിനം ശരാശരി 15000 മുതൽ 20,000 രൂപ വരെ വരുമാനമുള്ളതാണ്. രാവിലെ 5 :50, 9:00, വൈകിട്ട് 4.40 എന്നീ സമയങ്ങളിൽ കട്ടപ്പനയിൽ നിന്ന് കമ്പത്തേക്ക് സർവീസ് നടത്തുന്ന ബസാണ് മുടങ്ങിയിരിക്കുന്നത്.
നിലവിൽ സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന ബസ് അറ്റകുറ്റപ്പണികൾക്കായി കയറ്റിയാൽ പകരം ക്രമീകരിക്കാൻ കട്ടപ്പന ഡിപ്പോയിൽ അന്തർസംസ്ഥാന പെർമിറ്റുള്ള ബസ് ഇല്ലാത്ത സ്ഥിതിയാണ്. കട്ടപ്പന, കുമളി, നെടുങ്കണ്ടം ഡിപ്പോകൾക്കായി ഒരു ബസ് മാത്രമാണ് ഈ രീതിയിലുള്ളത്. കട്ടപ്പനയിലെ സർവീസ് മുടങ്ങിയതോടെ കുമളി ഡിപ്പോയിലുള്ള ബസ് എത്തിച്ച് ഒരുതവണ കമ്പം പോയെങ്കിലും തുടർന്ന് അതിനും പണി നടത്തേണ്ട സാഹചര്യമായി.
ബസ് സർവീസ് നിലച്ചതോടെ ഒട്ടേറെ ആളുകളാണ് ബുദ്ധിമുട്ടുന്നത്. പ്രശ്‌നത്തിന് പരിഹാരം കാണാൻ അടിയന്തര നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്. കൂടാതെ അന്തർ സംസ്ഥാന സർവീസിനു പെർമിറ്റുള്ള കൂടുതൽ ബസ് കട്ടപ്പന ഡിപ്പോയിലേക്ക് അനുവദിക്കാൻ ബന്ധപ്പെട്ടവർ നടപടിയെടുക്കണമെന്ന ആവശ്യവുമുണ്ട്.