കട്ടപ്പന ഇടുക്കി കവല വലിയകണ്ടം റോഡിൽ മാലിന്യ നിക്ഷേപം വ്യാപകമാകുന്നു

കട്ടപ്പന ഇടുക്കി കവല ക്ഷേത്രത്തിന് പിൻഭാഗത്ത് കൂടി വലിയകണ്ടം മേഖലയിലേക്കുള്ള പാതയോരത്താണ് മാലിന്യ നിക്ഷേപം വ്യാപകമാകുന്നത്. ചാക്കുകെട്ടുകളിലാണ് മാലിന്യം ഇവിടെ തള്ളിയിരിക്കുന്നത്. ഏതാനും നാളുകളായി സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്ന പ്രധാന ഇടമായി ഇവിടെ മാറിയിരിക്കുകയാണ്.
കഴിഞ്ഞദിവസം മാലിന്യനിക്ഷേപം നടത്തിയത് ചോദ്യം ചെയ്ത ആൾക്ക് മാലിന്യം നിക്ഷേപിച്ചവരുടെ ഭാഗത്തുനിന്ന് ഭീഷണി ഉണ്ടാവുകയും ചെയ്തിരുന്നു. നിരവധി സ്കൂൾ വിദ്യാർത്ഥികൾ അടക്കം കടന്നുപോകുന്ന പാതയിലാണ് മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നത്.
മഴപെയ്യുന്നതോടെ ഇവ പ്രധാന റോഡിലേക്കും ഒലിച്ചിറങ്ങുന്നു. മാലിന്യ നിക്ഷേപം നടത്തിയവർക്കെതിരെ നഗരസഭയുടെ ഭാഗത്തുനിന്ന് കർശന നടപടി ഉണ്ടാകണമെന്ന ആവശ്യവും ഉയർന്നു വരുന്നുണ്ട്. കട്ടപ്പന നഗരത്തിന്റെ പ്രധാന ഇടങ്ങളിൽ തന്നെ മാലിനിക്ഷേപം വ്യാപകമാകുന്നതോടെ പ്രതിഷേധവും ശക്തമാണ്.