കാൻസർ രോഗികൾക്ക് ആശ്വാസമായി സ്മിതാ മെമ്മോറിയലിൽ കാർ ടി - സെൽ, ബിഎംടി സെൻറർ ആരംഭിച്ചു

കാൻസർ ചികിത്സയിലും പരിചരണത്തിലും പുതിയ യുഗത്തിന് തുടക്കം കുറിച്ചു കൊണ്ടും ക്യാൻസർ രോഗികൾക്ക് ഏറെ ആശ്വാസം പകരുന്നതുമായ ദക്ഷിണേന്ത്യയിലെ ആദ്യത്തെ കാർ ടി - സെൽ തെറാപ്പിയുടെയും ബോൺ മാരോ ട്രാൻസ്പ്ലാൻ്റിന്റെയും സെൻറർ ഓഫ് എക്സലൻസ് തൊടുപുഴയിൽ ആരംഭിച്ചു. രാജ്യത്തെ പ്രമുഖ കാൻസർ റിസർച്ച് സ്ഥാപനമായ മുംബെയിലെ സൺ ആക്ട് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ തൊടുപുഴയിലെ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ച സെൻററിൻറെ ഉദ്ഘാടനം ഇടുക്കി ജില്ല കളക്ടർ വി. വിഘ്നേശ്വരി നിർവഹിച്ചു.
സ്മിത ആശുപത്രി ചെയർമാൻമാരായ ഡോ. സുരേഷ് എച്ച്. അദ്വാനി, ഗീത സുരേഷ് അദ്വാനി, സൺ ആക്ട് സ്ഥാപകൻ ഡോ. വിജയ് പാട്ടിൽ, സഹ സ്ഥാപകൻ ഡോ. അഷയ് കാർപെ, സി ഇ ഒ കുശാഗ്ര ശർമ്മ, സ്മിത ഹോസ്പിറ്റൽ സി ഇ ഒ ഡോ. രാജേഷ് നായർ, മെഡിക്കൽ 'ഡയറക്ടർ ഡോ. ശീർഷക്ക് ഘോഷ്എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ടി - സെൽ റിസപ്റ്റർ തെറാപി, റ്റ്യൂമർ ഇൻഫിൽട്രേറ്റിംഗ്, ലിംഫോ സൈറ്റ്, ഗാമ ഡെൽറ്റ ടി സെൽ പ്ലാറ്റ്ഫോം, ജീൻ തെറാപ്പി, ഡെഡിക്കേറ്റഡ് പീഡിയാട്രിക് ഓങ്കോളജി പ്രോഗ്രാം തുടങ്ങിയ വിദേശ രാജ്യങ്ങളിൽ മാത്രം ലഭ്യമായ ക്യാൻസർ ചികിത്സ സൗകര്യങ്ങളാണ് ഇവിടെ നിന്നും ലഭിക്കുക. നിലവിൽ സോളിഡ് ക്യാൻസർപോലുള്ള രോഗങ്ങളുടെ ചികിത്സക്കായി കോടികൾ മുടക്കിയാണ് വിദേശരാജ്യങ്ങളിലെ ആശുപത്രികളിൽ പലരും ചികിത്സിക്കുന്നത്.
എന്നാൽ വിദേശ രാജ്യങ്ങളിലെ ചികിത്സാ ചെലവുമായി താരതമ്യം ചെയ്യുമ്പോൾ സ്മിത ഹോസ്പിറ്റലിലെ സെൻററിൽ 50 ശതമാനത്തിൽ താഴെ മാത്രമാണ് ചെലവ് വരുകയുള്ളൂ. ഏറ്റവും കുറഞ്ഞ ചിലവിൽ അന്താരാഷ്ട്ര നിലവാരത്തിൽ കാൻസർ ചികിത്സ ലഭ്യമാക്കുന്നു എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. സൺ ആക്ട് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഇന്ത്യയിലെ അഞ്ചാമത് സെൻററാണ് തൊടുപുഴയിൽ ആരംഭിച്ചിരിക്കുന്നത്.