കുരിശുമല തീർത്ഥാടനം മലകയറി അര ലക്ഷത്തിലധികം വിശ്വാസികൾ

ഇടുക്കി രൂപത കാൽനട കുരിശുമല തീർത്ഥാടനത്തിന്റെ ഭാഗമായി ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകിയ കാൽനട തീർത്ഥാടനത്തിൽ അര ലക്ഷത്തിൽ കൂടുതൽ വിശ്വാസികൾ മല കയറി. ഇന്നലെ വാഴത്തോപ്പ് സെൻറ് ജോർജ് കത്തീഡ്രൽ നിന്നും അഭിവന്ദ്യ പിതാവ് നേതൃത്വം നൽകിയ കാൽനട തീർത്ഥാടനവും രാജാക്കാട്, വെള്ളയാംകുടി, അടിമാലി ,മുരിക്കാശ്ശേരി തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിയ കാൽനട തീർത്ഥാടനവും രാവിലെ 9 മണിക്ക് എഴുകുംവയൽ മലയടിവാരത്ത് എത്തിയപ്പോൾ ഗ്രാമവും, പരിസരങ്ങളും വിശ്വാസികളാൽ നിറഞ്ഞു.
തീർത്ഥാടകരെയും വാഹനങ്ങളെയും നിയന്ത്രിക്കാൻ ഇടവകജനം വളരെ ബുദ്ധിമുട്ടി. നെടുങ്കണ്ടം താലൂക്ക് ഹോസ്പിറ്റൽ, കട്ടപ്പന സെൻറ് ജോൺസ് ഹോസ്പിറ്റൽ , ഇടവക പാലിയേറ്റീവ് കൂട്ടായ്മ എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ ടീം സജീവമായി പ്രവർത്തിച്ചിരുന്നു. ഇടുക്കി രൂപതയിൽ നിന്നും കാഞ്ഞിരപ്പള്ളി ,ചങ്ങനാശ്ശേരി ,പാലാ തുടങ്ങിയ രൂപതകളിൽ നിന്നും വൈദികരുടെയും സന്യാസിനികളുടെയും നേതൃത്വത്തിൽ വിശ്വാസികൾ കുരിശുമലയിൽ എത്തിയിരുന്നു.
ഇന്നലെ അർദ്ധരാത്രി മുതൽ നേർച്ച കഞ്ഞി തയ്യാറാക്കുന്ന വോളണ്ടിയേഴ്സ് മലമുകളിൽ സജീവമായിരുന്നു. കുടിവെള്ളം, പാർക്കിംഗ് സൗകര്യം, ഗതാഗത നിയന്ത്രണം, അനൗൺസ്മെൻറ് ഇവയെല്ലാം സജീവമായി പ്രവർത്തിച്ചത് തീർത്ഥാടകർക്ക് വളരെ പ്രയോജനം ചെയ്തു. ദുഃഖവെള്ളിയാഴ്ച കട്ടപ്പനയിൽ നിന്നും, നെടുംകണ്ടത്തു നിന്നും കുരിശുമലയിലേക്ക് കെഎസ്ആർടിസിയും, സ്വകാര്യ ബസുകളും സർവീസ് നടത്തുന്നതാണ്. ഇന്ന് ഇടുക്കി രൂപത തീർത്ഥാടന ദിനമായി ആചരിക്കുകയായിരുന്നു.