ബൈസൺവാലി ചൊക്രമുടി മലനിരയിൽ അനധികൃതമായി നിർമ്മിച്ച കുളവുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ നിയമപ്രകാരം തുടർനടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു

ബൈസൺ വാലി വില്ലേജിൽ ഭൂമികയ്യേറ്റവും അനധികൃത നിർമ്മാണവും നടന്ന ചൊക്രമുടി മലനിരയിൽ അനധികൃതമായി നിർമ്മിച്ച കുളവുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ നിയമപ്രകാരം തുടർനടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിൽ മണ്ണ് സംരക്ഷണ വിഭാഗം ഓഫീസർ, ജില്ലാ ജിയോളജിസ്റ്റ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ, തദ്ദേശസ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർ ഉൾപ്പെടുന്ന സമിതി രൂപീകരിക്കണം.
ഈ സമിതി നിർദേശിക്കുന്ന ഒരു ജിയോ ടെക്നിക്കൽ വിദഗ്ധനെ കൂടി ഉൾപ്പെടുത്തി സ്ഥലത്ത് സംയുക്ത പരിശോധന നടത്താനും ഉത്തരവിൽ നിർദ്ദേശമുണ്ട്. കുളം അപകടരഹിതമായി പൊളിച്ചു നീക്കുന്നതിലും വെള്ളത്തിൻറെ സ്വാഭാവിക ഒഴുക്ക് പുനസ്ഥാപിക്കുന്നതിലും വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കണം.
ചൊക്രമുടിയിലെ കുളം അപകട ഭീഷണി ഉയർത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാൻ കഴിഞ്ഞ നവംബർ 17ന് ജില്ലാ കളക്ടർ ബൈസൺവാലി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വിദഗ്ധസമിതി നടത്തിയ സംയുക്ത പരിശോധനയെ തുടർന്ന് കുളം മൂടേണ്ടതില്ലെന്നും മറ്റൊരു ഭാഗത്തുനിന്ന് മണ്ണെടുത്ത് കുളം മൂടുന്നത് മണ്ണിടിച്ചിലിന് കാരണമാകുമെന്നും റിപ്പോർട്ട് നൽകി.
45 ഡിഗ്രിയിൽ അധികം ചെരിവുള്ള പ്രദേശത്ത് 17 മീറ്റർ നീളത്തിലും മൂന്നുമീറ്റർ വീതിയിലും നിർമ്മിച്ചിട്ടുള്ള കുളത്തിന്റെ മൺ വരമ്പ് നാല് മീറ്റർ പൊട്ടിച്ചു നീക്കിയാൽ മഴപെയ്യുമ്പോൾ കല്ലും മണ്ണും മരക്കഷണങ്ങളും തങ്ങി നിന്ന് കുളത്തിൽ വെള്ളം നിറഞ്ഞ് പൊട്ടിപ്പോകാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ഡിസംബറിൽ ബൈസൺ വാലി പഞ്ചായത്ത് സെക്രട്ടറി വീണ്ടും കളക്ടർക്ക് റിപ്പോർട്ട് നൽകി.
മൺവരമ്പ് പൂർണമായി പൊളിച്ചു നീക്കി സ്വാഭാവിക ഒഴുക്ക് പുനസ്ഥാപിക്കണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എഡിഎം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് സന്ദർശനം നടത്തി. തുടർന്നാണ് കുളം മൂടുന്നതിൽ തുടർനടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയത്.