വേനൽ മഴയിൽ കാഞ്ചിയാറിൽ വൻകൃഷിനാശം

കാഞ്ചിയാർ പള്ളിക്കവല കിടങ്ങ് ഭാഗത്ത് കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയെ തുടർന്ന് ഉണ്ടായ കാറ്റിലാണ് കൃഷിനാശം ഉണ്ടായത് . ഒന്നേകാൽ ഏക്കറിൽ കൃഷി ചെയ്തിരുന്ന 450ലധികം വാഴകൾ ഒടിഞ്ഞു വീണു . ജോർജുകുട്ടി കുരിശിങ്കൽ, മാത്യു ചൂരക്കുഴിയിൽ , സണ്ണി നെല്ലുപടവിൽ, മോനച്ചൻ കാഞ്ഞിരത്തിങ്കൽ എന്നിവർ ചേർന്നാണ് കൃഷി നടത്തിയത്.
പാട്ടത്തിനെടുത്ത കൃഷിയിടത്ത് 2024 മാർച്ചിൽ ആണ് ഇവർ കൃഷി ഇറക്കിയത്. തുടർന്ന് ഈ മെയ് മാസം ആദ്യവാരം വിളവെടുക്കാൻ ഇരിക്കെയാണ് കൃഷിനാശം ഉണ്ടായത്. ഇതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ഈ കർഷകർ.വിപണിയിൽകിലോയ്ക്ക് 50- 55 രൂപയാണ് ഏത്തപ്പഴത്തിന് വില ലഭിക്കുന്നത്.എന്നാൽ ലക്ഷങ്ങൾ മുടക്കി ഇറക്കിയ കൃഷിയിൽ ഒരാളുടെ പണിക്കൂലി പോലും ഇവർക്ക് ലഭിക്കുകയില്ല.
വ്യാഴം മുതലുള്ള വേനൽ മഴയെ തുടർന്നുണ്ടായ ശക്തമായ കാറ്റാണ് പ്രതികൂലമായത്. വേനൽ മഴ കണക്കിലെടുത്ത് മുൻപ് പ്ലാസ്റ്റിക് വള്ളി ഉപയോഗിച്ച് വാഴകൾക്ക് താങ് ഉൾപ്പെടെ കർഷകർ ഒരുക്കിയിരുന്നു. എന്നാൽ മേഖലയിൽ അനുഭവപ്പെട്ട ശക്തമായ കാറ്റ് പൂർണ്ണനാശം വിതച്ചു. വ്യാപക കൃഷി നാശം ഉണ്ടായ സ്ഥലത്തിന് സമീപത്തുള്ള കൃഷിയിടങ്ങളിലും കാറ്റ് ബാധിച്ചിട്ടുണ്ട്. കൃഷിനാശം ഉണ്ടായ ഭൂമിയിൽ തിങ്കളാഴ്ച കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിക്കും.