തൊടുപുഴ നഗരസഭ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും

തൊടുപുഴ നഗരസഭ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.നഗരസഭ ചെയര്‍പഴ്‌സനായിരുന്ന സി.പി.എം അംഗം സബീന ബിഞ്ചുവിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയതോടെയാണ് പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കണമെന്ന് കാണിച്ച് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്ക് പാര്‍ട്ടി നേതൃത്വം വിപ്പ് നല്‍കി.കഴിഞ്ഞ രണ്ടു തവണയും പടല പിണക്കം മൂലം നഷ്ടമായ തൊടുപുഴ നഗരസഭ ഭരണം എങ്ങനെ എങ്കിലും ഇത്തവണ തിരികെ പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.
34 അംഗ കൗൺസിലിൽ ഇപ്പോള്‍ യു.ഡി.എഫ് പക്ഷത്ത് 14 അംഗങ്ങളും എല്‍.ഡി.എഫിന് ഒപ്പം 12 അംഗങ്ങളും ഉണ്ട്. ബി.ജെ.പിയില്‍, സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവര്‍ ഉള്‍പ്പെടെ എട്ട് അംഗങ്ങൾ ആണുള്ളത്. മുന്‍ ചെയര്‍പഴ്‌സനെതിരെ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തതിന്റെ പേരിലാണ് ബിജെപിയിലെ നാല് അംഗങ്ങളെ സസ്പെൻ്റ് ചെയ്തത്.
എന്നാല്‍ പാര്‍ട്ടി വിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് എല്ലാ ബി.ജെ.പി അംഗങ്ങളുടെയും തീരുമാനം.ചെയർമാൻ സ്ഥാനത്തേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് അംഗമായ കെ ദീപക് ആണ് മത്സരിക്കുക. ജില്ലയിലെ യുഡിഎഫിലെ പ്രശ്നങ്ങൾ മൂലം സംസ്ഥാന നേതൃത്വമാണ് ഇത്തവണ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.