വഴിയോരക്കച്ചവടത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന നഗരസഭയുടെ ഉറപ്പ് പാഴായി

കട്ടപ്പന നഗരത്തിലെ വഴിയോരക്കച്ചവടം മുൻപ് വ്യാപകമായതോടെ കച്ചവടക്കാർ ശക്തമായ പ്രതിഷേധവുമായി നിരവധി തവണ രംഗത്തുവന്നിരുന്നു. അന്നെല്ലാം ഇത്തരത്തിലെ കച്ചവടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും കർശനമാക്കുമെന്നുമാണ് നഗർസഭ നൽകിയ വിശദീകരണം. എന്നാൽ ആ വാക്കുകളെല്ലാം പാഴാകുന്ന കാഴ്ചയാണ് നഗരത്തിൽ അങ്ങോളമിങ്ങോളം കാണാൻ സാധിക്കുന്നത്.
പകൽ സമയങ്ങളിലും രാത്രി സമയങ്ങളിലും വഴിയോരക്കച്ചവടം തകൃതിയാവുകയാണ്. തമിഴ്നാട്ടിൽ നിന്നും അടക്കമുള്ളവരാണ് ലോറിയിൽ പച്ചക്കറി ഉൾപ്പെടെയുള്ള വസ്തുക്കൾ വിൽക്കുന്നതിനായി നഗരത്തിൽ എത്തുന്നത്. ഇതോടെ വ്യാപാരം തടഞ്ഞുകൊണ്ട് വ്യാപാരി വ്യവസായി സമിതി രംഗത്തുവന്നു. വ്യാപാരി ദ്രോഹ നടപടികൾ മാത്രമാണ് നഗരസഭയുടെ പക്ഷത്തു നിന്നുണ്ടാകുന്നത്.
എല്ലാം നിയമങ്ങളും പാലിച്ചുകൊണ്ട് വ്യാപാരം നടത്തുന്നവർക്ക് ഇത്തരത്തിലെ വഴിയോരക്കച്ചവടവും നഗരസഭയുടെ ഇരട്ട നീതിയും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പല ഘട്ടങ്ങളിലും വഴിയോരക്കച്ചവടം നഗരസഭ അധികൃതരെ അറിയിച്ചിട്ടും നടപടികൾ ഉണ്ടാകുന്നില്ല. സ്ഥിതി ഇത്തരത്തിൽ തുടർന്നാൽ വ്യാപാരസമൂഹം ഒന്നാകെ നിയമങ്ങൾ തെറ്റിക്കുകയും വഴിയോര കച്ചവടക്കാരെ പോലെ തന്നെ നിയമങ്ങൾ കാറ്റിൽ പറത്തി വ്യാപാരം നടത്തുകയും ചെയ്യും.
തുടർന്ന് നഗരസഭ പരിശോധനയുമായി രംഗത്ത് വന്നാൽ അത് തടയുമെന്നും സമിതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ്ബ് പറഞ്ഞു. ഏതാനും ആഴ്ചകൾക്കു മുമ്പാണ് കട്ടപ്പന പൊതുമാർക്കറ്റിൽ വ്യാപാര സ്ഥാപനങ്ങളിൽ വിൽപ്പനയ്ക്കായുള്ള വസ്തുക്കൾ ഡിസ്പ്ലേ ചെയ്തതിന് നഗരസഭ നടപടിയുമായി രംഗത്ത് വന്നത്. ഇതേ സാഹചര്യത്തിലാണ് വഴിയോരക്കച്ചവടം മറുഭാഗത്ത് തകൃതിയാകുന്നത്.
വഴിയോര കച്ചവടത്തിനെതിരെ ബോർഡ് സ്ഥാപിക്കുകയോ അറിയിപ്പ് നൽകുകയോ ഇതുവരെ ചെയ്തിട്ടില്ല. സഭയുടെ വ്യാപാരിദ്രോഹ നടപടിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും നേതാക്കൾ വ്യക്തമാക്കി . കട്ടപ്പന ഇടുക്കി കവല,വെള്ളിയാംകുടി റോഡ്,ബിവറേജ് റോഡ് എന്നിവിടങ്ങളിലായിട്ടാണ് വഴിയോരക്കച്ചവടം തകൃതിയാകുന്നത്.
അതോടൊപ്പം കട്ടപ്പന കുന്തളംപാറ മാർക്കറ്റ് റോഡിൽ അഥി തി തൊഴിലാളികളുടെ വഴിയോരക്കച്ചവടവും വർദ്ധിച്ചു വരികയാണ്. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ അടക്കമാണ് ഓരോ വഴിയോര കച്ചവട ഇടങ്ങളിലും ഉള്ളത്. അതോടൊപ്പം ലഹരി വസ്തുക്കളുടെ വില്പനയും നടക്കുന്നുവെന്നും ആളുകൾ ചൂണ്ടിക്കാണിക്കുന്നു.