കട്ടപ്പന നഗരസഭ നാലാം വാർഡ് ആനപ്പടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നു

വേനൽക്കാലം ആകുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന മേഖലയാണ് നഗരസഭ നാലാം വാർഡ് കൊങ്ങിണിപ്പടവിൽ ഉൾപ്പെടുന്ന ആനപ്പടി. പലപ്പോഴും വലിയ വില നൽകി കുടിവെള്ളം വിലയ്ക്ക് വാങ്ങേണ്ട ഗതികേടിലായിരുന്നു നാട്ടുകാർ. നഗരസഭ നൽകുന്ന ശുദ്ധജലം ആഴ്ചയിൽ ഒരു ദിവസം 200 ലിറ്റർ മാത്രമേ ലഭിക്കുകയുള്ളൂ. ഇതേ തുടർന്നാണ് നഗരസഭ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആനപ്പടി കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്. നഗരസഭ അനുവദിച്ച 5 ലക്ഷം രൂപയും , നാട്ടുകാർ ചേർന്ന് സ്വരൂപിച്ച മുപ്പത്തിമൂവായിരം രൂപയും ചേർത്താണ് പദ്ധതി നടപ്പിലാക്കിയത് .
മോട്ടോറിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചുകൊണ്ട് വാർഡ് കൗൺസിലർ സാലി കുര്യാക്കോസ് പദ്ധതി ഉദ്ഘാടനം ചെയ്തു. മേഖലയിലെ 13 ഓളം കുടുംബങ്ങളാണ് ഗുണഭോക്താക്കൾ. പദ്ധതിക്ക് ആവശ്യമായ സ്ഥലമടക്കം വിവിധ സുമനസ്സുകളായ പ്രദേശവാസികളാണ് വിട്ടു നൽകിയത്.പദ്ധതി നടപ്പിലായതോടെ പ്രദേശവാസികൾ നേരിട്ടിരുന്ന കടുത്ത കുടിവെള്ള പ്രതിസന്ധിക്കാണ് പരിഹാരമായിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടന യോഗത്തിൽ ഗുണഭോക്താക്കളും നിരവധി പ്രദേശവാസികളും പങ്കെടുത്തു.