വണ്ടിപ്പെരിയാർ 40 പുതുവലിൽ സ്വകാര്യ വ്യക്തി നീരൊഴുക്ക് തടഞ്ഞ് അനധികൃതമായി തടയണ നിർമ്മിക്കുന്നുവെന്ന് പരാതി
വണ്ടിപ്പെരിയാർ 40 പുതുവലിൽ സ്വകാര്യ വ്യക്തി നീരൊഴുക്ക് തടഞ്ഞ് അനധികൃതമായി തടയണ നിർമ്മിക്കുന്നുവെന്ന് പരാതി. മുൻപ് ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലത്ത് മണ്ണ് ഉയർത്തി നിർമ്മിക്കുന്ന തടയണ അപകട കാരണമാവുന്നതായാണ് പരാതി. വണ്ടിപ്പെരിയാർ വാളാടി 40 പുതുവലിലാണ് മൂന്ന് കൈത്തോടുകളുടെ നീരൊഴുക്ക് തടസ്സപ്പെടുത്തി അപകടകരമായ രീതിയിൽ മണ്ണിട്ടുയർത്തി തടയണ നിർമ്മിക്കുന്നതായി പ്രദേശവാസികൾ പരാതി ഉന്നയിക്കുന്നത്.
2019 - ൽ പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്താണ് തടയണ നിർമ്മിക്കുന്നത്.ഇത് ഇനിയുമൊരു ഉരുൾ പൊട്ടൽ ഉണ്ടായാൽ തടയണയിൽ നിറയുന്ന വെള്ളമുൾപ്പെടെ ഒലിച്ചിറങ്ങി വൻ ദുരന്തത്തിന് സാധ്യതയുള്ളതായാണ് പ്രദേശവാസികൾ പറയുന്നത്. വില്ലേജ് അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്ന് സ്ഥലം സന്ദർശിച്ച് നീരൊഴുക്കു തടസപ്പെടുത്തിയുള്ള നിർമ്മാണം പാടില്ലെന്നറിയിച്ചിട്ടും സ്വകാര്യ വ്യക്തി അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെ ന്നാണ് പ്രദേശവാസികൾ പറയുന്നത്.
30 അടിയോളം മണ്ണിട്ടുയർത്തിയ തടയണയുടെ നിർമ്മാണം യാതൊരു സുരക്ഷയും ഇല്ലാതെയാണെന്നും ഇത് പ്രകൃതി ദുരന്തമുണ്ടായാൽ വലിയ അപകടം വരുത്തുമെന്നും പ്രദേശവാസികൾ ആശങ്ക അറിയിച്ചു.CHR വനമേഖലയിലെ ഏലകൃഷിക്കാവശ്യമായ ജലത്തിനായാണ് വലിയ തടയണ നിർമ്മിക്കുന്നത്. ഉയർത്തിയിട്ടിരിക്കുന്ന മണ്ണ് ഇടിഞ്ഞ് വീണു കൊണ്ടിരിക്കുന്നത് പ്രദേശവാസികളിൽ ഭീതി പരത്തുകയാണ്. ജീവനും സ്വത്തിനും ഭീഷണിയായി നടക്കുന്ന അനധികൃത തടയണ നിർമ്മാണത്തിനെതിരെ ജില്ലാ കലക്ടർക്ക് പരാതി നൽകുവാനൊരുങ്ങുകയാണ് പ്രദേശവാസികൾ.






