തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകത്തിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടു
പ്രതികളായ ജോമോൻ, മുഹമ്മദ് അസ്ലം, ജോമിൻ എന്നിവരെയാണ് 5 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടത്. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്.കച്ചവട പങ്കാളിയായ ബിജു ജോസഫിനെ കൊലപ്പെടുത്താനാണ് പ്രതി ജോമോൻ ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടിയത്. ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.
ക്രൂരമായ മർദനം ബിജുവിന് ഏറ്റിട്ടുണ്ടെന്ന പൊലീസ് നിഗമനം സാധൂകരിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. തലച്ചോറിനേറ്റ ക്ഷതവും തുടർന്നുള്ള ആന്തരിക രക്തസ്രാവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വിശദമായ ചോദ്യം ചെയ്യലിനായാണ് പോലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്. എറണാകുളത്ത് കാപ്പ ചുമത്തി റിമാൻഡിലുളള രണ്ടാം പ്രതി ആഷികിന് വേണ്ടി പ്രൊഡക്ഷൻ വാറന്റും ഹാജരാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട ബിജുവിന്റെ സംസ്കാരം ചുങ്കം ക്നാനായ സെന്റ് മേരീസ് പള്ളിയിൽ നടത്തി.

