ഉപ്പുതോട് മാക്കുമുക്ക് - ഉദയാസിറ്റി റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ

വാത്തിക്കുടി പഞ്ചായത്തിലെ ഏറെ പ്രധാനപ്പെട്ട പാതകളിലൊന്നായ ഉപ്പുതോട് മാക്കുമുക്ക് റോഡ് തകർന്നിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. റോഡു പണിയണമെന്നാവശ്യപ്പെട്ട് ത്രിതല പഞ്ചായത്ത് ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ നിരവധി തവണ നാട്ടുകാർ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയിട്ടും റോഡിനായി പണം അനുവദിച്ചില്ലന്ന് നാട്ടുകാർ ആരോപിച്ചു.
അതേസമയം പ്രളയ പുനർനിർമ്മാണ പ്രവൃത്തികളിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ നീക്കിവെച്ച് ബ്ലോക്ക്പഞ്ചായത്ത് ടെൻ്റർ ചെയ്തെങ്കിലും കരാർ ഏറ്റെടുക്കാൻ കരാറുകാർ ആരും മുന്നോട്ടുവന്നില്ലെന്ന് ഗ്രാമപഞ്ചായത്ത് അംഗം വ്യക്തമാക്കി. നാട്ടുകാർ ചേർന്ന് റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു.
ആശൂപത്രി ആവശ്യങ്ങൾക്കായി ഒരു ഓട്ടോറിക്ഷ പോലും ഇറങ്ങി വരാത്ത സാഹചര്യമാണന്നും നാട്ടുകാർ പറയുന്നു. പ്രദേശത്തേ ജനപ്രതിനിധികളെല്ലാം ഇടപെടണമെന്നും റോഡിൻ്റെ നിർമ്മാണം ആരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും നാട്ടുകാർ വ്യക്തമാക്കി.