ബഫര്‍ സോണ്‍ ഉത്തരവില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ആശങ്കയകറ്റുമെന്ന് മന്ത്രി റോഷി ആഗസ്റ്റിന്‍

ജലസേചന വകുപ്പിന്റെ കീഴിലുള്ള ഡാമുകള്‍ക്ക് ചുറ്റും 20 മീറ്റര്‍ ബഫര്‍ സോണില്‍ നിര്‍മാണ് പ്രവര്‍ത്തനങ്ങള്‍ ആവശ്യമെങ്കില്‍ ഓരോ അപേക്ഷയും വ്യത്യസ്തമായി പരിഗണിച്ച് അനുമതി നല്‍കുന്നത് പരിഗണിക്കാമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സണ്ണി ജോസഫ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി വ്യക്തമാക്കിയത്.
ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ട്. നിലവിലുള്ള നിര്‍മിതികള്‍ക്ക് ഒരു തരത്തിലുള്ള ഭീഷണിയും ഉണ്ടാകില്ല. ബഫര്‍ എന്ന വാക്കു തന്നെ ആവശ്യമില്ല. ഹൈക്കോടതി നിര്‍ദേശം വന്നപ്പോള്‍ കൂടുതല്‍ ദൂരം ബഫര്‍ സോണ്‍ എന്ന അപകടം ഒഴിവാക്കുന്നതിനാണ് ഏറ്റവും കുറഞ്ഞ ബഫര്‍ സോണ്‍ സര്‍ക്കാര്‍ നിശ്ചയിച്ചത്. അല്ലാത്തപക്ഷം ജനങ്ങളെ ദോഷകരമായി ബാധിക്കാനുള്ള സാധ്യതയാണ് ഉണ്ടായിരുന്നത്. നിലവില്‍ ഉണ്ടായിരുന്ന 200 മീറ്ററോ അതിലധികമോ ദൂരം ബഫര്‍ സോണായി കോടതി നിര്‍ദേശിക്കുന്ന സാഹചര്യമാണ് ഉത്തരവിലൂടെ ഒഴിവാക്കിയത്.
ഇനിയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഓരോ അപേക്ഷയും വ്യത്യസ്തമായി പരിഗണിച്ച് അനുമതി നല്‍കണമെങ്കില്‍ ഉത്തരവില്‍ ആ വിധത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. ഇന്ത്യ - ചൈന യുദ്ധത്തിന് ശേഷം നിലവില്‍ വന്ന ഡിഫന്‍സ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം ഇന്ത്യയിലെ പ്രധാന ജലസംഭരണികള്‍ക്ക് ചുറ്റുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിധി നിശ്ചയിച്ചു കൊണ്ടുള്ള ബഫര്‍ സോണ്‍ നിലവില്‍ വന്നിരുന്നു.
എന്നാല്‍ ആക്ട് പിന്‍വലിച്ചെങ്കിലും ഡാമിനോട് ചേര്‍ന്നു നില്‍ക്കുന്ന റിസര്‍വോയര്‍ പ്രദേശങ്ങളില്‍ മലിനീകരണവും മണ്ണൊലിപ്പും അടക്കമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ തടയുന്നതിനായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 2008 ല്‍ കേരള ഇറിഗേഷന്‍ വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ട് അനുസരിച്ചു പ്രവര്‍ത്തിക്കുന്ന കേരള ഡാം സേഫ്റ്റി അതോറിറ്റി നിലവില്‍ വന്നപ്പോള്‍ ജലാശയങ്ങള്‍ക്കു ചുറ്റും നിര്‍മാണ അനുമതി തേടിയുള്ള അപേക്ഷകള്‍ എത്തുമ്പോള്‍ അതോറിറ്റിയുടെ അന്നത്തെ ചെയര്‍മാനായിരുന്ന റിട്ട. ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ ഓരോ അപേക്ഷയും വ്യത്യസ്തമായി പരിഗണിച്ച് അനുമതി നല്‍കുന്നതായി പതിവ്.
2021 ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഡാം സുരക്ഷാ ആക്ട് നിലവില്‍ വന്നപ്പോള്‍ കേരള ഡാം സേഫ്റ്റി അതോറിറ്റി ഇല്ലാതായി. അതിനുശേഷം ഹൈക്കോടതയില്‍ ബാണാസുര സാഗറുമായി ബന്ധപ്പെട്ട് റിസര്‍വോയറിന് സമീപം നിര്‍മാണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണനയില്‍ വന്നപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് കൃത്യമായ നയം ഇല്ലെന്ന് കോടതി കണ്ടെത്തി.
തുടര്‍ന്ന് ജലസംഭരണികള്‍ക്ക് സമീപം നിര്‍മാണ അനുമതി നല്‍കുന്നതിന് നയം രൂപീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയായിരുന്നു. പ്രത്യേക നിയമം ഇല്ലാത്ത സാഹചര്യത്തില്‍ നിലവിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടി സംരക്ഷിക്കുന്നതു മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കാന്‍ നിര്‍ബന്ധിതരായതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.