ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടുന്നതിന് വനം-പോലീസ് ഉദ്യോഗസ്ഥന്മാരുടെ ജീവൻ പണയം വെച്ച് നടത്തുന്ന മയക്ക് വെടി സാഹസം ഉപേക്ഷിക്കുവാൻ ഗവൺമെന്റ് തയ്യാറാകണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി

ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടുന്നതിന് വനം-പോലീസ് ഉദ്യോഗസ്ഥന്മാരുടെ ജീവൻ പണയം വെച്ച് നടത്തുന്ന മയക്ക് വെടി സാഹസം ഉപേക്ഷിക്കുവാൻ ഗവൺമെന്റ് തയ്യാറാകണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു.വണ്ടിപ്പെരിയാറിനടുത്ത് ഗ്രാമ്പിയിൽ ഉദ്യോഗസ്ഥർക്ക് നേരെ വന്ന കടുവയെ വെടിവെച്ച് വീഴ്ത്തി ഉദ്യോഗസ്ഥ സംഘത്തിന്റെ ജീവൻ രക്ഷിച്ച ഉദ്യോഗസ്ഥ നടപടിയെ അഭിനന്ദിക്കുകയാണ്.
ജീവന് ഭീഷണി ഉണ്ടാകുന്ന സാഹചര്യം ഉണ്ടായാൽ മുൻകൂർ സർക്കാർ അനുമതി ഇല്ലാതെ വന്യമൃഗങ്ങളെ വെടിവയ്ക്കേണ്ടി വരുമെന്ന യാഥാർത്ഥ്യം സർക്കാരിന് മനസ്സിലായി കാണുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്രാമ്പിയിൽ ഇന്ന് വന്യമൃഗത്തെ വെടിവെച്ചത് ഉദ്യോഗസ്ഥനായതുകൊണ്ട് സർക്കാർ അനന്തര നടപടിക്ക് പോയില്ല. സാധാരണ പൗരനായിരുന്നുവെങ്കിൽ അവൻ ഇന്ന് ജയിലിൽ അടയ്ക്കപ്പെടുമായിരുന്നു.
എത്ര ദിവസം കഴിഞ്ഞാണ് പുറംലോകം കാണാൻ സാധിക്കുന്നതെന്ന് പറയുവാൻ കഴിയില്ല. അയാളും കുടുംബവും അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളുടെ ഭീകരത ഊഹിക്കാവുന്നതേയുള്ളൂ. ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന മനുഷ്യജീവനു ഭീഷണി ഉയർത്തുന്ന വന്യമൃഗങ്ങളെ ഉടനടി വെടിവെക്കുവാൻ ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കും സ്വാതന്ത്ര്യം നൽകണം. അനുമതിക്ക് കാത്തിരുന്നാൽ മനുഷ്യജീവന് അപായം ഉണ്ടാകും. മുഖ്യമന്ത്രിയും വനംവകുപ്പ് മന്ത്രിയും ജില്ലയിൽ നിന്നുമുള്ള മന്ത്രി റോഷി അഗസ്റ്റിനും വിവേകത്തോടുകൂടി പ്രവർത്തിക്കുവാൻ തയ്യാറാവണം.
ഇടതുപക്ഷ മുന്നണിയിലെ ഘടകകക്ഷികൾ ജില്ലയിലെ സർക്കാർ ഓഫിസുകളുടെ മുമ്പിൽ പ്രവർത്തകരെയും കൊണ്ട് സമരം ചെയ്ത് ഉദ്യോഗസ്ഥരെ പുലഭ്യം പറയുന്ന നടപടി ഉപേക്ഷിച്ച് സർക്കാരിന്റെ മേൽ സമ്മർദ്ദം ചെലുത്തി മനുഷ്യജീവന് ഭീഷണി ഉയർത്തുന്ന വന്യമൃഗങ്ങളെ വെടിവയ്ക്കുന്നതിനുള്ള അനുമതി ലഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുവാൻ തയ്യാറാകണമെന്നും യുഡിഎഫ് ചെയർമാൻ ആവശ്യപ്പെട്ടു.