മെഡിക്കൽ ക്യാമ്പ് പോലെയുള്ള സാമൂഹ്യപ്രവർത്തനങ്ങൾ നമ്മുടെ നാടിനും വരും തലമുറയ്ക്കും വലിയ ഗുണകരമാകുമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ

കട്ടപ്പന മർച്ചന്റ് അസോസിയേഷനും കോട്ടയം കാരിത്താസ് ഹോസ്പിറ്റലും കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലും വെള്ളയാംകുടി സെന്റ് ജെറോംസ് ഇടവകയും സംയുക്തമായി ചേർന്നാണ്സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത് . രാവിലെ എട്ടുമണിമുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ വെള്ളയാംകുടി സെന്റ് ജെറോംസ് പാരിഷ് ഹാളിൽ വച്ചാണ് ക്യാമ്പ് നടന്നത് . ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . മെഡിക്കൽ ക്യാമ്പ് പോലെയുള്ള സാമൂഹ്യപ്രവർത്തനങ്ങൾ നമ്മുടെ നാടിനും വരുംതലമുറക്കും ഗുണകരമാകും എന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയം കാരിത്താസ് ആശുപത്രിയിലെ ന്യൂറോളജി, കാർഡിയോളജി,ഓങ്കോളജി, യൂറോളജി ഡർമറ്റോളജി, ഇ എൻ ടി വിഭാഗത്തിലെ വിദഗ്ധരായ ഡോക്ടർമാർ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. അതുപോലെതന്നെ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലെ പീഡിയാട്രിക്സ് ജനറൽ മെഡിസിൻ ഗൈനക്കോളജി ഓർത്തോ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാരും ക്യാമ്പിൽ രോഗികളെ പരിശോധിച്ചു .
ക്യാമ്പിൽ പരിശോധന നടത്തി ആവശ്യമുള്ളവർക്ക് സൗജന്യമായി മരുന്നും തുടർ ചികിത്സയും ആശുപത്രിയുമായി ബന്ധപ്പെടുത്തി ലഭ്യമാക്കാനുള്ള സൗകര്യവും ക്യാമ്പിൽ ഏർപ്പെടുത്തിയിരുന്നു. ഉദ്ഘാടന യോഗത്തിൽ കട്ടപ്പന മർച്ചന്റ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് സാജൻ ജോർജ് അധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂണിറ്റ് സെക്രട്ടറി ജോഷി കുട്ടട , മലനാട് എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ബിജു മാധവൻ, കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ബീന ടോമി , കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇടുക്കി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളിൽ ,അഡ്വക്കേറ്റ് എം .കെ തോമസ്, വെള്ളയാംകുടി സെന്റ് ജെറോംസ് ഫൊറോന വികാരി ഫാദർ തോമസ് മണിയാട്ട്, വെള്ളയാംകുടി ജുമാമസ്ജിദ് ഇമാം മുഹമ്മദ് റഫീഖ് അൽ കൗസരി , മർച്ചന്റ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് സിജോ മോൻ ജോസ് , തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു .