കയ്യേറ്റക്കാരെ പുറത്താക്കണം; ജനങ്ങളെ ദ്രോഹിക്കരുത്- സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. സി പി എം നേതാക്കൾ ഇന്ന് പരുന്തുംപാറ സന്ദർശിക്കും

പരുന്തുംപാറയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ വന്‍കിടക്കാരെ പുറത്താക്കണമെന്നും കയ്യേറ്റത്തിന്‍റെ മറവില്‍ തദ്ദേശീയരായ ബഹുജനങ്ങളെ ഉപദ്രവിക്കാന്‍ പാടില്ലെന്നും സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കയ്യേറ്റത്തെ ശക്തിയുക്തം എതിര്‍ക്കുകയും കയ്യേറ്റത്തിന്‍റെ പേരുപയോഗിച്ച് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയെ നിര്‍ദ്ദയം എതിര്‍ക്കുകയും ചെയ്യുന്ന സുചിന്തിതമായ നിലപാടാണ് സിപിഐ എമ്മിനുള്ളത്.
പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ശക്തമായ നടപടിയുണ്ടാകണം. സര്‍ക്കാര്‍ ഭൂമി പൂര്‍ണമായും സംരക്ഷിക്കപ്പെടണം. ഒരിഞ്ച് ഭൂമി പോലും വന്‍കിടക്കാര്‍ക്ക് വിട്ടുകൊടുക്കേണ്ടതില്ല. കയ്യേറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതിന്‍റെ ഭാഗമായി 2 വില്ലേജുകളിലെ ആയിരക്കണക്കായ ജനങ്ങളുടെ മേല്‍ നിരോധനാജ്ഞ അടിച്ചേല്‍പ്പിക്കുന്ന ഭരണരീതിയോട് യോജിക്കാന്‍ കഴിയില്ല.
സമയത്ത് നടപടി എടുക്കാന്‍ കഴിയാതിരുന്ന ദന്തഗോപുരവാസികളായ ഉദ്യോഗസ്ഥവൃന്ദം ഹൈക്കോടതിയെപോലും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കയ്യേറ്റമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന 6000 ചതുരശ്ര അടിയിലുള്ള കെട്ടിടം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. അനധികൃത നിര്‍മ്മാണങ്ങളെല്ലാം റവന്യൂ- വനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഉണ്ടായിട്ടുള്ളത്.
20 അടി ഉയരമുള്ള കുരിശ് ഒരു മണിക്കൂര്‍ കൊണ്ട് നിര്‍മ്മിച്ചതല്ല. നിര്‍മ്മാണഘട്ടില്‍ തന്നെ നടപടി എടുക്കാന്‍ കഴിയാതിരുന്ന ഉദ്യോഗസ്ഥര്‍ പരസ്യമായി കുരിശു തകര്‍ത്ത് ക്രൈസ്തവ ജനതയുടെ മതവികാരത്തെ വ്രണപ്പെടുത്തുകയാണ്.
പാപ്പാത്തിച്ചോലയിലും മതികെട്ടാന്‍ചോലയിലും ഇപ്പോള്‍ പരുന്തുംപാറയിലും കുരിശിനെ കയ്യേറ്റക്കാര്‍ മറയാക്കുകയും ഉദ്യേഗസ്ഥര്‍ സമയത്ത് ഇടപെട്ട് നിര്‍മ്മാണത്തെ തടസ്സപ്പെടുത്താതിരിക്കുകയും പിന്നീട് മാധ്യമ സാന്നിധ്യത്തില്‍ പരസ്യമായി കുരിശ് തകര്‍ത്ത് ഒരു ജനതയുടെ വിശ്വാസത്തിന്‍റെ അടയാളത്തെ അവഹേളിക്കുന്നത് തുടരുന്ന രീതി ഒട്ടും ആശ്വാസ്യമല്ല.
പരുന്തുംപാറയിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത നിര്‍മ്മാണം ഉണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കുകയും ഹൈക്കോടതി ഇടപെടുകയും ചെയ്തിട്ടും കൂട്ടു നിന്ന റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതുവരെ ഒരു നടപടിയും എടുക്കാതെ സംരക്ഷിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെയും കൂട്ടു നിന്നവര്‍ക്കെതിരെയും ഒരേപോലെ നടപടിയുണ്ടാകണം. സര്‍ക്കാരിനെ കളങ്കപ്പെടുത്തുന്ന ഉദ്യോഗസ്ഥരെ വെച്ചുപൊറുപ്പിക്കാനാകില്ല.
ലൈഫ് ഭവന പദ്ധതിയില്‍ വീട് നിര്‍മ്മിക്കാന്‍ മണ്ണെടുത്താല്‍ കേസെടുക്കുന്നു, എന്‍ഒസി ഇല്ലാതെ ലൈഫ് പദ്ധതിയില്‍പോലും വീട് പണിയാന്‍ പാടില്ല, കരിഞ്ഞുണങ്ങുന്ന ഏലക്കാടുകളില്‍ കുളം കുത്താന്‍ അനുമതിയില്ല. ഇത്തരം ജനവിരുദ്ധവും തലതിരിഞ്ഞതുമായ നടപടികള്‍ സ്വീകരിക്കുന്ന ജില്ലാ ഭരണകൂടം കളങ്കിതരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
വിറക് പെറുക്കിയെടുത്താല്‍ കേസെടുക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരുന്തുംപാറയിലെ ടൂറിസം കേന്ദ്രത്തില്‍ വന്‍കിടക്കാര്‍ക്ക് വഴിയൊരുക്കുന്നുണ്ടെങ്കില്‍ അതിനെതിരെയും ശക്തമായ നടപടി ഉണ്ടാകണം. ത്രിതല പഞ്ചായത്ത് പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പീരുമേട് പ്രദേശത്തെയാകെ നിരോധനത്തില്‍ കുടുക്കുന്നത് നാടിന്‍റെ വികസനത്തെ ബാധിക്കും. പാവപ്പെട്ടവരായ ഭവന രഹിതര്‍ക്ക് ലൈഫ് പദ്ധതിയില്‍ വീട് നിര്‍മ്മിക്കാന്‍പോലും കഴിയാതെ വരികയാണ്. മുന്‍ ജില്ലാ കളക്ടര്‍ എച്ച്.
ദിനേശന്‍റെയും ഐജി സേതുരാമന്‍റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച 84 പേജുള്ള റിപ്പോര്‍ട്ടില്‍ പ്രത്യേകം പറയുന്നത് പ്രദേശവാസികളുടെ കയ്യേറ്റം പരുന്തുംപാറയില്‍ ഉണ്ടായിട്ടില്ല എന്നുള്ളതാണ്. ഈ സാഹചര്യത്തില്‍ നിരോധനാജ്ഞയിലൂടെ ഭീതി പരത്തി പ്രദേശവാസികളായ പാവപ്പെട്ടവരെ ഉപദ്രവിക്കുന്ന ജില്ലാ ഭരണകൂടത്തിന്‍റെ വിവേകശൂന്യമായ തീരുമാനത്തെ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല.
സംസ്ഥാനത്ത് ലഹരി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ ഏകോപിപ്പിക്കുന്നത് സംസ്ഥാനത്താകെ നിരോധനാജ്ഞ നടപ്പാക്കിയിട്ടല്ല. സമാന രീതിയില്‍ കയ്യേറ്റത്തെ തടയാനും നിരോധനാജ്ഞ അല്ല പരിഹാരം ആകേണ്ടതെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു. ഇന്ന് (ശനിയാഴ്ച) രാവിലെ സിപിഐ എം നേതാക്കള്‍ പരുന്തുംപാറ സന്ദര്‍ശിക്കുമെന്നും സിപിഐ എം നേതാക്കള്‍ പറഞ്ഞു.