പരുന്തുംപാറയിലെ കൈയേറ്റ ഭൂമിയിൽ നിർമ്മിച്ച കുരിശ് റവന്യൂ സംഘം പൊളിച്ച് നീക്കുന്നു

പരുന്തുംപാറയിലെ കൈയേറ്റ ഭൂമിയിൽ നിർമ്മിച്ച കുരിശ് റവന്യൂ സംഘം പൊളിച്ച് നീക്കുന്നു. ജില്ലാ കലക്ടർ സ്റ്റോപ് മെമ്മോ നൽകിയ സ്ഥലത്താണ് ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി കൊട്ടാരത്തിൽ സജിത്ത് ജോസഫ് കുരിശ് പണിതത്. കലക്ടർ സ്റ്റോപ് മെമ്മോ നൽകാൻ നിർദേശിച്ചതിനു ശേഷമാണ് കുരിശിന്റെ പണികൾ പൂർത്തിയാക്കിയത്.ഇത് വിവാദമായതിനെ തുടർന്നാണ് കുരിശ് പൊളിച്ച് നീക്കാൻ നടപടികൾ തുടങ്ങിയതും.
പരുന്തും പാറയിലെ കയ്യേറ്റങ്ങൾ പരിശോധിക്കാൻ 15 അംഗ സംഘത്തേയും റവന്യു മന്ത്രി നിയോഗിച്ചു.3.31 ഏക്കർ സർക്കാർഭൂമി കൈയേറി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫ് വൻകിട റിസോർട്ട് നിർമിച്ചതായി ഹൈകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ മാസം രണ്ടിന് പരുന്തുംപാറയിൽ കൈയേറ്റ ഭൂമിയിലെ നിർമാണപ്രവർത്തനങ്ങൾക്ക് സ്റ്റോപ് മെമ്മോ നൽകാൻ ജില്ല കലക്ടർ പീരുമേട് എൽ.ആർ തഹസിൽദാറെ ചുമതലപ്പെടുത്തി.
ഒപ്പം കൈയേറ്റ ഭൂമിയിൽ പണികൾ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താനും നിർദേശിച്ചു. സജിത് ജോസഫിന് സ്റ്റോപ് മെമ്മോ നൽകുകയുംചെയ്തിരുന്നു. എന്നാൽ, ഇത് അവഗണിച്ച് കുരിശിന്റെ പണികൾ വെള്ളിയാഴ്ച പൂർത്തിയാക്കി. ഇക്കാര്യം അറിഞ്ഞില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം. കയ്യേറ്റത്തെ തുടർന്ന് പരുന്തുംപാറയിൽ ജില്ലാകളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് അവഗണിച്ചായിരുന്നു കുരിശ് നിർമ്മാണം.