രാജാക്കാടിനെ ആവേശത്തിലാഴ്ത്തിയ വോളിബോൾ മാമാങ്കത്തിന് തിരശീല വീണു

കുടിയേറ്റ കാലം മുതൽ മലയോരജനത നെഞ്ചോട് ചേർത്ത കായിക വികാരമാണ് കൈപന്തുകളി. ഇന്നും ആ വീര്യം ചോരാതെ കാത്ത് സൂക്ഷിക്കുകയാണ് ഇടുക്കിയുടെ കാർഷിക ജനത കൈപന്തുകളിയോടുള്ള ആവേശം നഷ്ടപ്പെടാതെ ഇരിക്കുവാൻ വിവിധ ക്ലബ്ബുകളും സംഘടനകളും കോളേജുകളും വാശിയേറിയ മത്സരങ്ങൾ സംഘടിപ്പിച്ചു.
വരികയാണ് ഇതിന്റെ ഭാഗമായിട്ടാണ് സി എസ് റ്റി സഭാ വൈദികനായ ഫാ.എബിൻ കുഴിമുള്ളിലിന്റെ സ്‌മരണാർത്ഥം രാജാക്കാട് സാൻജോ കോളേജിന്റെ നേതൃത്വത്തിൽ സാൻജോ വോളി 2k25 സംഘടിപ്പിച്ചത്. കായിക പ്രേമികൾക്ക് ആവേശം പകർന്നു മൂന്നു ദിവസങ്ങളിലായി നടന്ന മത്സരത്തിൽ എട്ടോളം പ്രമുഖ ടീമുകളും പ്രാദേശിക ടീമുകളും പങ്കെടുത്തു.ദൂര ദേശങ്ങളിൽ നിന്നും മികച്ച കായികതാരങ്ങളെ കളത്തിൽ ഇറക്കിയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
ഫാ.എബിൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് വേണ്ടി നടത്തപ്പെട്ട മൂന്നാമത് വോളിബോൾ മത്സരത്തിൽ കോഴിക്കോട് ലിസ കോളേജ് ജേതാക്കളായി. തിരുപ്പൂർ ആർസൻ അമേരിക്ക ടീമിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയാണ് കോഴിക്കോട് ലിസ കോളേജ് വിജയകിരീടം ചൂടിയത്.പ്രാദേശിക ടീമുകളുടെ മത്സരത്തിൽ ചേറ്റുകുഴി സിക്സസ് ഒന്നാം സ്ഥാനവും,പ്രകാശ് സിക്സസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഇരുവിഭാഗങ്ങളിലുമായി 16 ടീമുകളാണ് മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്.സ്ത്രീകളും കുട്ടികളുമടക്കം നിരവധി വോളിബോൾ പ്രേമികകൾ മത്സരം കാണാനെത്തി. സമാപന സമ്മേളനം സി എസ് ടി പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ.ജിജോ ജെയിംസ് ഇണ്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്ത് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.ചടങ്ങിൽ ആദ്യകാല കായികതാരങ്ങളെ ആദരിച്ചു.
ബൈസൺവാലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റോയിച്ചൻ കുന്നേൽ,ടൂർണമെൻ്റ് കമ്മിറ്റി ചെയർമാൻ ഫാ.ജോബിൻ പേണാട്ടുകുന്നേൽ, കൺവീനർ ബോസ് തകിടിയേൽ,കോഡിനേറ്റർ സിബി പൊട്ടംപ്ലാക്കൽ,ബർസാർ ഫാ.അരുൺ കോയിക്കാട്ടുചിറ,വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ ജോസ്മി,കോളേജ് ചെയർമാൻ ലിൻസോ ജോണി, പഞ്ചായത്തംഗങ്ങളായ ബെന്നി പാലക്കാട്ട്, പുഷ്പലത സോമൻ, തുടങ്ങിയവർ നേതൃത്വം നൽകി.