അനധികൃതമായി സ്ഫോടക വസ്തുക്കൾ വാങ്ങി സൂക്ഷിച്ച സംഭവത്തിൽ ഒരാളെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു

അനധികൃതമായി സ്ഫോടക വസ്തുക്കൾ വാങ്ങി സൂക്ഷിച്ച സംഭവത്തിൽ ഒരാളെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു. പൂപ്പാറ പടിക്കപാടത്ത് ബിജു മാണി( 44) യാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം പുളിയന്മലയ്ക്ക് സമീപം വാഹന പരിശോധനയ്ക്കിടെ 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലറ്റിൻ സ്റ്റിക്കുകളുമായി വണ്ടൻമേട് പൊലീസ് പിടികൂടിയ ഈരാറ്റുപേട്ട നടയ്ക്കൽ കണ്ടത്തിൽ ഷിബിലി(43), തീക്കോയി നടയ്ക്കൽ വെള്ളാപ്പള്ളിയിൽ ഫൈസി (മുഹമ്മദ് ഫാസിൽ - 42) എന്നിവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ സ്ഫോടക വസ്തുക്കൾ വിൽപ്പന നടത്തിയ ബിജു മാണിയെ പറ്റി പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് ശാന്തൻപാറ പൊലീസിന് ഈ വിവരം കൈമാറി. ശാന്തൻപാറ എസ്എച്ച്ഒ എ.സി.മനോജ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബിജു മാണിയുടെ വീടിനു സമീപത്ത് നിന്നും 98 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 46 ജലറ്റിൻ സ്റ്റിക്കുകളും കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.