കുടിവെള്ള പൈപ്പ് തകരാറിലായി കുടിവെള്ള വിതരണം നിലച്ച ഇരട്ടയാർ ചെമ്പകപ്പാറ പള്ളിക്കാനം ഭാഗത്തു തകർന്ന പൈപ്പിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി

ഇരട്ടയാർ പള്ളിക്കാനം തമ്പാൻ സിറ്റി റോഡിലാണ് വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടി കുടിവെള്ള വിതരണം നിലച്ചത്. കഴിഞ്ഞ 15 ദിവസമായി കുടിവെള്ള വിതരണം മേഖലയിൽ നിലച്ചിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റിയുടെ സഹകരണത്തോടെയാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.
അടുത്തനാളിൽ റീ ബിൽഡ് കേരള ഫണ്ടിൽ നിർമ്മിച്ച റോഡിൻറെ ഒരു വശത്തുകൂടിയാണ് പൈപ്പ് കടന്നുപോകുന്നത്. ഈ ഭാഗം കുഴിക്കണമെങ്കിൽ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അനുമതി ലഭിക്കണമായിരുന്നു. ഇത് ലഭിക്കാൻ ഉണ്ടായ കാലതാമസമാണ് അറ്റകുറ്റപ്പണികൾക്ക് താമസം നേരിടാൻ കാരണം.
നാട്ടുകാരുടെ കുടിവെള്ള പ്രതിസന്ധി മനസ്സിലായതോടെ ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇതിനായി മുൻകൈയെടുത്ത് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അനുമതി വാങ്ങിയാണ് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾക്ക് തുടക്കം കുറിച്ചത്.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പണികൾ പൂർത്തീകരിച്ച് കുടിവെള്ള വിതരണം പുനസ്ഥാപിക്കാൻ കഴിയും വിധമുള്ള പ്രവർത്തനങ്ങൾ ആണ് നടക്കുന്നത്. എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട ചില ആളുകൾ വസ്തുതാ വിരുദ്ധമായ വ്യാജ പ്രചരണങ്ങൾ നടത്തുന്നതായും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആനന്ദ് സുനിൽകുമാർ പറഞ്ഞു. ഇത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.