വ്യാജ ലേബർ കാർഡ് തയ്യാറാക്കി തൊഴിൽ നിഷേധിച്ചു എന്ന് ആരോപിച്ച് വണ്ടിപ്പെരിയാർ 58-ാം മൈലിലെ സെൻട്രൽ ട്രേഡേഴ്സിന് മുൻപിൽ സിഐടിയു ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ സമരം ആരംഭിച്ചു

വണ്ടിപ്പെരിയാർ 58 ആം മൈലിൽ പ്രവർത്തിച്ചുവരുന്ന സെൻട്രൽ ട്രേഡേഴ്സിന്‍റെ സിമന്റ് ഗോഡൗണ് മുന്നിലാണ് സിഐടിയു ഹെഡ്ലോഡ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചിരിക്കുന്നത്. വ്യാജ ലേബർ കാർഡ് തയ്യാറാക്കി ചുമട്ടുതൊഴിലാളികളുടെ തൊഴിൽ നിഷേധിച്ചുകൊണ്ട് സെൻട്രൽ ട്രേഡേഴ്സ് മാനേജ്മെന്റ് മൂന്ന് തൊഴിലാളികൾക്ക് അനധികൃതമായി ജോലി നൽകിയതായാണ് ആരോപണം.
ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കുമളി സബ് കമ്മിറ്റിയുടെ കീഴിൽ വരുന്ന വണ്ടിപ്പെരിയാർ പാലത്തിന് ഇക്കരെ പശുമല ജംഗ്ഷൻ മുതൽ 57 ആം മൈൽ വരെയുള്ള ഭാഗത്ത് ജോലിചെയ്ത് വരുന്നവരാണ് സിഐടിയു തൊഴിലാളികൾ.എന്നാൽ ക്ഷേമനിധി ബോർഡിന്റെ കീഴിൽ വരുന്ന സ്ഥലത്ത് ബോർഡ് അറിയാതെ കാർഡ് വിതരണം ചെയ്യുന്നതുമല്ല . ഇക്കാര്യങ്ങൾ മറച്ചുവച്ചുകൊണ്ട് പീരുമേട് എ എൽ ഓ ഇവർക്ക് കാർഡ് നൽകി. അതുകൊണ്ടുതന്നെ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു.
ഈ കാർഡ് റദ്ദ് ചെയ്തു കൊണ്ട് സിഐടിയു തൊഴിലാളികൾക്ക് വീണ്ടും തൊഴിൽ ചെയ്യാൻ അവസരം ലഭിക്കുന്നതുവരെ സമരം ചെയ്യുമെന്ന് സി ഐ ടി യു ഹെഡ്ലോഡ് ആൻഡ് ടിംബർ വർക്കേഴ്സ് യൂണിയൻ പീരുമേട് ഏരിയ കമ്മിറ്റി സെക്രട്ടറി കെ സുധാകരൻ പറഞ്ഞു.കഴിഞ്ഞ മൂന്നു മാസക്കാലമായി തൊഴിൽ വേതനത്തെ ചൊല്ലി നിരന്തരമായി ചുമട്ടുതൊഴിലാളികളുമായി തർക്കം ഉണ്ടാവുകയും പോലീസ് സ്റ്റേഷനിൽ എത്തി ഇത് പരിഹരിക്കുകയും ചെയ്തു. കാർഡ് ലഭ്യമാക്കിയാൽ പ്രശ്നം പരിഹരിക്കാം എന്നാണ് സിഐടിയു ഭാരവാഹികൾ അറിയിച്ചത്.
ഇതനുസരിച്ച് കോടതിയെ സമീപിച്ചാണ് തങ്ങളുടെ സ്ഥാപനത്തിലെ മൂന്ന് തൊഴിലാളികൾക്ക് തൊഴിൽ കാർഡ് ലഭ്യമാക്കിയത് സ്ഥാപന ഉടമകൾ പറയുന്നു. ഇവർ ഇപ്പോൾ സിപിഐയുടെ എഐടിയുസി സംഘടനയുടെ ഭാഗവുമാണ്.അങ്ങനെ പ്രശ്നം പരിഹരിച്ചപ്പോഴാണ് ഇപ്പോൾ പുതിയ രൂപത്തിൽ വീണ്ടും കാർഡ് വ്യാജമാണെന്ന് ആരോപിച്ചുകൊണ്ട് തങ്ങളുടെ ഗോഡൗണിനു മുന്നിൽ സമരം ആരംഭിച്ചിരിക്കുന്നത് എന്നും വാഹനങ്ങൾക്ക് ഇവിടെ നിന്നും സാധനങ്ങൾ കൊണ്ടു പോകാൻ സാധിക്കാത്ത അവസ്ഥയാണ് നിലനിൽക്കുന്നതെന്നും മാനേജ്മെന്റ് പറയുന്നു.
ഇപ്പോൾതന്നെ സ്ഥാപനം പ്രവർത്തിക്കുന്നത് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പോലീസ് സംരക്ഷണത്തോട് കൂടിയാണെന്നും ഇങ്ങനെയാണെങ്കിൽ തൊഴിൽ നിർത്തേണ്ട അവസ്ഥയാണ് നിലനിൽക്കുന്നതെന്നും സ്ഥാപനത്തിന്റെ ഉടമ സെന്ററൽ നാസർ പറഞ്ഞു. ഇതേസമയം സംഭവത്തിന്റെ വാസ്തവത്തെക്കുറിച്ച് പീരുമേട് എ എൽ ഓ യോട് അന്വേഷിച്ചപ്പോൾ. മൂന്നു തൊഴിലാളികൾ തങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട് എന്നും ഇവർക്ക് തൊഴിൽ കാർഡ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സെൻട്രൽ ട്രേഡേഴ്സ് ഉടമകൾ കോടതിയ സമീപിച്ചിരുന്നു.
കോടതി ഇക്കാര്യം അന്വേഷിച്ച റിപ്പോർട്ട് സമർപ്പിക്കാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മൂന്നു തൊഴിലാളികൾ അവിടെ ജോലി ചെയ്യുന്നതായി ബോധ്യപ്പെട്ടുവെന്നും സംഭവത്തെക്കുറിച്ച് ക്ഷേമനിധി ബോർഡിനെ അറിയിച്ചുകൊണ്ടാണ് മൂന്നു തൊഴിലാളികൾക്ക് തൊഴിൽ കാർഡ് നൽകിയത് എന്നും എ എൽ ഓ വിധു കുമാർ പറഞ്ഞു.