ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുടക്കിയത് റോഷി അഗസ്റ്റിൻ : എൻഡിഎ
കട്ടപ്പന: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുടക്കിയതിന്റെ ഉത്തരവാദി ഇടുക്കി എംഎൽഎ കൂടിയായ റോഷി അഗസ്റ്റിൻ ആണെന്ന് എൻഡിഎ നേതാക്കൾ ആരോപിച്ചു.
കഴിഞ്ഞ പത്ത് ദിവസങ്ങളായി അറ്റകുറ്റപ്പണികളുടെ പേരിൽ ആറ്റുകാൽ പൊങ്കാല നടക്കുന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. പൊങ്കാല നടക്കുന്ന സമയത്ത് കുടിവെള്ള വിതരണം ബോധപൂർവ്വം ആണ് തടസ്സപ്പെടുത്തിയത് എന്ന് കാണിച്ചുകൊണ്ട് തിരുവനന്തപുരം മേയർ സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രിയായ ശ്രീ റോഷി അഗസ്റ്റിന് കത്ത് നൽകിയിരുന്നു.
വിഷയത്തിന് പരിഹാരം കാണാതെ ആചാരങ്ങളും വിശ്വാസങ്ങളും തകർക്കുന്ന ഇടതുപക്ഷ സർക്കാരിൻ്റെ നയത്തോടൊപ്പം ചേർന്ന് പൊങ്കാല അട്ടിമറിക്കാൻ ഉള്ള റോഷി അഗസ്റ്റിന്റെ നിലപാട് ഇടുക്കിയിലെ ജനങ്ങൾക്ക് അപമാനമാണ് എന്ന് എൻഡിഎ നേതാക്കൾ കുറ്റപ്പെടുത്തി.ടാങ്കറുകളിൽ വാർഡുകളിൽ നഗരസഭാ സ്വന്തം നിലയിൽ കുടിവെള്ളമെത്തിച്ചാണ് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്.പതിറ്റാണ്ടുകളായി ഇടതുപക്ഷം ഭരിച്ചിരുന്ന നഗരസഭയുടെ ഭരണം എൻഡിഎയ്ക്ക് നൽകിയ ജനങ്ങളോടുള്ള പ്രതികാര നടപടി കൂടിയാണ് ഈ പ്രവർത്തി എന്ന് നേതാക്കൾ ആരോപിച്ചു. വിശ്വാസികളെ വെല്ലുവിളിക്കുന്ന മന്ത്രി റോഷി അഗസ്റ്റിന്റെ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻഡിഎ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ പ്രകടനവും ധർണയം നടത്തി.കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ നിന്നുമാണ് പ്രകടനം ആരംഭിച്ചത്. ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ ധർണ്ണയിൽ ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡൻ്റ് പ്രസാദ് വിലങ്ങുപാറ അധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ കുമാർ, രതീഷ് വരകുമല, ബിഡിജെഎസ് പീരുമേട് നിയോജകമണ്ഡലം കൺവീനർ സുധീഷ് എംബി, നേതാക്കളായ പി എൻ പ്രസാദ്, കെ എൻ പ്രകാശ്, രത്നമ്മ ഗോപിനാഥ്, സി കെ ശശി, തങ്കച്ചൻ പുരയിടം,എം എൻ മോഹൻദാസ്, സുരേഷ് കുമാർ, സന്തോഷ് ശക്തിശ്വരം ,മഹേഷ് കുമാർ, സിഎൻ രാജപ്പൻ, വിഷ്ണു പ്രസാദ്, രഞ്ജിത്ത് കാലാച്ചിറ ,ജിജു ഉറുമ്പിൽ, രേഖ ,അമ്പിളി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

