ഇടുക്കി വാഗമണ്ണിൽ പൊലീസ് നടത്തിയ റെയ്ഡിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ഒന്നര കിലോ കഞ്ചാവ് പിടികൂടി

ഇടുക്കി വാഗമണ്ണിൽ പൊലീസ് നടത്തിയ റെയ്ഡിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ഒന്നര കിലോ കഞ്ചാവ് പിടി കൂടി. വീട്ടുടമയും മകനും ഉൾപ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തു. വാഗമൺ സ്വദേശി വിജയകുമാർ, മകൻ വിവേക്, പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. വാഗമണ്ണിൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് വിൽക്കുന്നതിനാണ് ഇവർ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പീരുമേട് DySP വിശാൽ ജോൺസന്റെ നേതൃത്വത്തിൽ ജില്ലാ ഡാൻസാഫ് ടീമും വാഗമൺ പോലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. വാഗമൺ പാറക്കെട്ട് കേന്ദ്രീകരിച്ച് വ്യാജമദ്യം, കഞ്ചാവ്, സിന്തറ്റിക്ക് ലഹരി വസ്തുക്കൾ എന്നിവയുടെ വിൽപ്പനയും അനാശാസ്യവും നടക്കുന്നുവെന്ന് നാളുകളായി പരാതി ഉയർന്നിരുന്നതാണ്. പല തവണ രഹസ്യ വിവരം പോലീസിന് ലഭിക്കുകയും ചെയ്തിരുന്നു.
ഇതേ തുടർന്ന് വാഗമൺ സി ഐ ക്ലീറ്റസ് കെ ജോസഫിൻ്റെ നേതൃത്വത്തിൽ റെയിഡ് നടത്തിയപ്പോഴാണ് കഞ്ചാവ് ലഭിച്ചത്. ഇവിടെയെത്തി ലഹരി സാധനങ്ങൾ സ്ത്രീകൾ ഉൾപ്പെടെയുള്ള വാങ്ങാറുണ്ടന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇവരുടെ ഗുണ്ടായിസത്തെ ഭയന്നതാണ് ആരും പുറത്ത് പറയാത്തത്.