കട്ടപ്പന ഡോൺ ബോസ്കോ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്പോർട്ട് ഹബ്ബ് ഉദ്ഘാടനം മാർച്ച് 1 ന്

മൊബൈൽ ആഡിക്‌ഷന്റെയും മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ദുരുപയോഗത്തിലും വീഴുന്ന പുതുതലമുറയെ മോചിപ്പിച്ച്, പഠന നിലവാരം മെച്ചപ്പെടുത്തുകയും,യുവാക്കളെ സ്പോർട്ട് അധിഷ്ഠിത തൊഴിൽ സാധ്യതകളിലേക്ക് നയിക്കുകയും ചെയ്യുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വേനലവധിക്കാലത്ത് കുട്ടികൾക്കും യുവാക്‌കൾക്കും ഫുട്ബോൾ, ബാസ്കറ്റ്ബോൾ, ബാഡ്മിന്റൺ, ഫുട്ബോൾ നഴ്സറി തുടങ്ങിയ കായിക വിനോദങ്ങളിൽ പ്രാവീണ്യം നേടാനുള്ള മികച്ച അവസരമാണ് ഡോൺ ബോസ്കോ സമ്മർ കോച്ചിംഗ് ക്യാമ്പുകൾ വഴി ഉദ്ദേശ്യമിടുന്നത്. പെൺകുട്ടികൾക്കായി പ്രത്യേക പരിശീലനം ഉണ്ടായിരിക്കും.ഡോൺ ബോസ്കോ ഫുട്ബോൾ അക്കാദമി, ഡോൺ ബോസ്കോ ബാസ്കറ്റ് ബോൾ അക്കാദമി, ഡോൺ ബോസ്കോ ടേബിൾ ടെന്നീസ് അക്കാദമി, ഡോൺ ബോസ്കോ ബാഡ്മിന്റൺ അക്കാദമി, ഫുട്‌ബോൾ ടർഫ്, ഫുട്ബോൾ നഴ്സറി എന്നിവയാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
കേരള ബാസ്കറ്റ് ബോൾ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയും ഫിബ റഫറീസ് കമ്മീഷണറുമായ ഡോ. പ്രിൻസ് കെ മറ്റം ബാസ്കറ്റ് ബോൾ അക്കാദമിയുടെയും ഇടുക്കി ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റും മുൻ സന്തോഷ് ട്രോഫി കളിക്കാരനുമായ ഡോ. പി എ സലിംകുട്ടി - ഫുട്ബോൾ അക്കാദമിയുടെയും അന്താരാഷ്ട്‌ര ടേബിൾ ടെന്നീസ് റഫറിയായ ജോസഫ് ചാക്കോ ടേബിൾ ടെന്നീസ് അക്കാദമിയുടെയും സ്കൂൾ പി ടി എ പ്രസിഡന്റ് സണ്ണി സേവ്യർ ബാഡ്മിന്റൺ അക്കാദമിയുടെയും ഉദ്ഘാടനം നിർവഹിക്കും. ഔദ്യോഗിക പരിപാടികൾക്ക് ശേഷം ബാസ്കറ്റ് ബോൾ പ്രദർശന മത്സരവും ഉണ്ടായിരിക്കും. വാർത്താ സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. വർഗീസ് തണ്ണിപ്പാറ, കായിക അദ്ധ്യാപകൻ ജിബിൻ സി ഫിലിപ്പ്, കോഓർഡിനേറ്റർ ജോജോ എബ്രഹാം എന്നിവർ പങ്കെടുത്തു.