ബോധി പുരസ്കാരം നോവലിസ്റ്റ് പുഷ്പമ്മയ്ക്ക് സമ്മാനിച്ചു

അഞ്ചാമത് ബോധി പുരസ്കാരം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചൻ നീറണാകുന്നേൽ പ്രശസ്ത നോവലിസ്റ്റ് പുഷ്പമ്മയ്ക്ക് സമ്മാനിച്ചു. 11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കാഞ്ചിയാർ ബോധി ഗ്രന്ഥശാലയാണ് പുരസ്കാരം നൽകുന്നത്. ബോധി സാംസ്കാരിക സംഗമത്തിൽ ഗ്രന്ഥശാല പ്രസിഡന്റ് ജെയിംസ് പി ജോസഫ് അധ്യക്ഷനായി.
മോബിൻ മോഹൻ, കാഞ്ചിയാർ രാജൻ, എം.സി ബോബൻ, അഡ്വ. വി എസ് ദിപു, ഷേർലി മണലിൽ, ഗ്രേസിക്കുട്ടി ജോസഫ്, സിറിൽ ജേക്കബ് എന്നിവർ സംസാരിച്ചു. വ്യത്യസ്ത മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്ക് അനുമോദനം നൽകി. ഗ്രന്ഥശാലയുടെ അനുബന്ധ വേദിയായ ഇതൾ ബാലവേദിയിലെ കുട്ടികളുടെ കലാവതരണങ്ങളും നടന്നു. കലാസാംസ്കാരിക രംഗത്തെ പ്രമുഖർ സാംസ്കാരിക സംഗമത്തിൽ പങ്കെടുത്തു.