കട്ടപ്പന ഐടിഐ കോളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണ് എസ്എഫ്ഐ

എസ്എഫ്ഐയെ സംരക്ഷിക്കാൻ കോളേജ് അധികൃതരും ബോർഡ് അംഗങ്ങളും ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇലക്ഷൻ നീട്ടിവെക്കുന്നത് എന്നാണ് കെഎസ്‌യു ഉന്നയിച്ചിരുന്ന ആരോപണം. ഈ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവിച്ചു കൊണ്ടാണ് എസ്എഫ്ഐ രംഗത്ത് വന്നത്. 35% മാത്രം അറ്റൻഡൻസ് ഉള്ള കെഎസ്‌യു ചെയർമാൻ സ്ഥാനാർത്ഥിക്ക് അനധികൃതമായി അറ്റൻഡൻസ് നൽകിയ കോളേജ് അധികൃതർക്കെതിരെയാണ് എസ്എഫ്ഐ മുമ്പ് ശബ്ദമുയർത്തിയത്.
ഈ പ്രതിഷേധം വളച്ചൊടിക്കാനാണ് കുപ്രചരണങ്ങളുമായി കെഎസ്‌യു രംഗത്ത് വന്നത് എന്നും ജനാധിപത്യരീതിയിൽ തിരഞ്ഞെടുപ്പ് നടക്കണമെന്ന് തന്നെയാണ് എസ്എഫ്ഐയുടെ നിലപാടെന്നും നേതാക്കൾ വ്യക്തമാക്കി. വിഷയത്തിൽ ഹാജർ ഇല്ലാത്ത കെ എസ് യു സ്ഥാനാർത്ഥിയെ മത്സരിക്കാൻ നിയമിച്ചതാര്, കെഎസ്‌യു പ്രവർത്തകർക്ക് ഒത്താശ ചെയ്യുന്നതും ഹാജർ തിരുത്തിയതുമായ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കുക , തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് കോളേജ് ക്യാമ്പസിൽ എസ്എഫ്ഐ പോസ്റ്ററുകൾ പതിപ്പിച്ചു.
കോളേജിൽ മുടങ്ങിയ വിവിധ കലാ കായിക മേളകളും, പരിപാടികളും നടത്താൻ എസ്എഫ്ഐ മുന്നിട്ടിറങ്ങും എന്നും അനധികൃത നടപടികൾ സ്വീകരിച്ച അധ്യാപകർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ തുടർ സമരങ്ങളുമായി രംഗത്ത് വരുമെന്നും എസ്എഫ്ഐ കട്ടപ്പന ഏരിയ സെക്രട്ടറി ഫ്രഡ്ഢി മാത്യു , പ്രസിഡന്റ് അശ്വിൻ എസ്, യൂണിറ്റ് സെക്രട്ടറി ആൽബിൻ ഷിജു എന്നിവർ പറഞ്ഞു.