മാലിന്യമുക്ത പഞ്ചായത്ത് എന്ന് ലക്ഷ്യമിട്ട് ഇരട്ടയാറിൽ അയ്യായിരത്തിലധികം ആളുകൾ ഒന്നിച്ച് ഇറങ്ങിയപ്പോൾ പൊതുസ്ഥലങ്ങളിൽ നിന്ന് അടക്കം ഒരു ദിവസം കൊണ്ട് ശേഖരിച്ചത് 15 ടണ്ണിൽ അധികം പ്ലാസ്റ്റിക് മാലിന്യം

നത്തുകല്ലിൽ മാലിന്യം തള്ളിയ വ്യക്തിയിൽ നിന്ന് അന്ന് 5000 രൂപ പിഴ ഇട്ടിരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ നിയമലംഘനം കണ്ടെത്തിയ 15 പേരിൽ നിന്നായി 61000 പിഴയിടാക്കി.മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകൾ ഓട്ടോ ടാക്സി തൊഴിലാളികൾ വ്യാപാരി വ്യവസായികൾ എന്നിവരുടെ സഹകരണത്തോടെ ആയിരുന്നു ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. പഞ്ചായത്ത് അംഗങ്ങൾ സിഡിഎസ് ചെയർപേഴ്സൺ ഹരിത കേരള മിഷൻ എന്നിവരുടെ നേതൃത്വത്തിൽ അയൽക്കൂട്ട യോഗങ്ങളും സംഘാടകസമിതിയും രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്.
കഴിഞ്ഞദിവസം പഞ്ചായത്തിലെ പാതയോരങ്ങൾ വെട്ടിത്തെളിച്ചും പൊതു ഇടങ്ങളിലെ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ചും ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇങ്ങനെയാണ് ഒറ്റ ദിവസം കൊണ്ട് 15 ടൺ മാലിന്യം ശേഖരിച്ചത്. രാജ്യാന്തര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30ന് സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ പ്രവർത്തനങ്ങളാണ് നടത്തി വരുന്നതെന്ന് ഇരട്ടയാർ ഗ്രാമ പ്രസിഡണ്ട്ആനന്ദ് സുനിൽകുമാർ പറഞ്ഞു.
കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് 406 ടൺ മാലിന്യങ്ങളാണ് പഞ്ചായത്ത് പരിധിയിൽ നിന്നും ശേഖരിച്ച് ശാസ്ത്രീയമായി തരംതിരിച്ച് കൈമാറിയത്. ആധുനിക സൗകര്യങ്ങളോടു കൂടിയ രണ്ട് ബെയിലിങ്ങ് മിഷനുകളാണ് പഞ്ചായത്തിന്റെ മെറ്റീരിയൽ റിക്കവറി സംവിധാനത്തിലുള്ള മെഗാ ശുചീകരണത്തിന് ഉള്ളത്.തുടർ പ്രവർത്തനമായി 10 സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച മാലിന്യം തള്ളുന്നവരെ കണ്ടെത്താനാണ് പഞ്ചായത്തിലെ തീരുമാനം. കൂടാതെ വിവിധ സ്ഥലങ്ങളിൽ ബോട്ടിൽ ബൂത്ത് ബിന്നുകൾ എന്നിവ സ്ഥാപിക്കും. മാലിന്യം തള്ളുന്നത് കണ്ടെത്താൻ പഞ്ചായത്ത് തല വിജിലൻസ് സ്ക്വാഡ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.