കട്ടപ്പന ഗവർമെന്റ് ഐടിഐ കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് അനിച്ചിതത്വത്തിൽ

കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാനത്തുടനീളം ഐടിഐ കോളേജുകളിൽ യൂണിയൻ തെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ ജില്ലയിൽ കട്ടപ്പനയിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു.കെഎസ്‌യു- എസ്എഫ്ഐ സംഘർഷം കണക്കിലെടുത്താണ് അന്ന് നടപടി ഉണ്ടായത്. അതിനുശേഷം പിന്നീട് നിരവധി തവണ ഇലക്ഷൻ നടത്താൻ യൂണിയൻ നേതാക്കൾ ബന്ധപ്പെട്ട അധികാരികളുമായി ചർച്ച നടത്തിയെങ്കിലും നടപടി ഉണ്ടായില്ല.
ഇതോടെ കോളജിൽ നടത്തേണ്ട ആർട്സ് ഡേ, സ്പോർട്സ് ഡേ, കോളജ് ഡേ, മാഗസിൻ രൂപീകരണം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ മുടങ്ങി. ഇത് പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് ഉണ്ടാകേണ്ട സർഗാത്മക കഴിവുകളെ നിരുത്സാഹപ്പെടുത്തുന്നതിന് കാരണമായി. സംഭവത്തിൽ വിദ്യാർത്ഥികളുടെ ഒപ്പുശേഖരണം നടത്തി ഡയറക്ടർ ബോർഡിലേക്ക് നിവേദനം നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് കെ എസ് യു പ്രവർത്തകർ പറയുന്നു.
വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചിട്ടും കേസിൽ ഡയറക്ടർ ബോർഡും കോളേജ് അധികൃതരും കാണിക്കുന്ന നിഷേധാത്മക നിലപാട് തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോകുന്നതിന് കാരണമാവുകയാണ്. കോളേജിലെ അധ്യേന വർഷം അവസാനിക്കാൻ ഇനി മാസങ്ങൾ മാത്രമാണ് ഉള്ളത്. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയ്ക്ക് പിന്തുണ നൽകുന്ന തരത്തിലാണ് അധികാരികളുടെ ഇടപെടൽ.
ഇതിനെതിരെ കോളേജിൽ തിങ്കളാഴ്ച പഠിപ്പു മുടക്കി സമരം നടന്നു. ഇലക്ഷൻ നീട്ടിക്കൊണ്ട് പോകാനുള്ള അധികാരികളുടെ ഗൂഢ നീക്കം തുടരുകയാണെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി റോബിൻ ജോർജ്, കോളേജ് യൂണിറ്റ് പ്രസിഡന്റ് ആൽബിൻ ജോയ് എന്നിവർ പറഞ്ഞു.