ഇടുക്കി ജില്ലാ പി എസ് സി ഓഫിസ് പുതിയ കെട്ടിടം ശിലാസ്ഥാപനം കട്ടപ്പനയിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു

1984 വരെ കോട്ടയം ജില്ലാ പി എസ് സി ഓഫിസിനോടൊപ്പമാണ് ഇടുക്കി ജില്ലാ പി എസ് സി ഓഫിസും പ്രവർത്തിച്ചിരുന്നത്. 1984 ലാണ് ഇടുക്കി ജില്ലയിലെ കട്ടപ്പന ഓസാനം സ്കൂളിന് സമീപത്തുള്ള കെട്ടിടത്തിലേക്ക് ഓഫിസ് മാറിയത്. തുടർന്ന് കട്ടപ്പന ദീപിക ബിൽഡിങ്ങിലും പ്രവർത്തിച്ചു. 2002 മുതൽ കട്ടപ്പന ഹൗസിങ്ങ് ബോർഡ് കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിച്ചു വരുന്നത്.
കട്ടപ്പന നഗരസഭയുടെ കീഴിൽ ആനവിലാസം റൂട്ടിൽ അമ്പലക്കവല ക്ഷേത്രത്തിന് എതിർവശത്താണ് ഇടുക്കി ജില്ലാ പി എസ് സി ഓഫിസിന് പുതിയ കെട്ടിടമുയരുക. 20 സെൻ്റ് സ്ഥലമാണ് സർക്കാർ അനുവദിച്ചത്. മൂന്ന് നിലകളുള്ള കെട്ടിട സമുച്ചയം 13842.5 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് പണിയുന്നത്.
ഓരോ നിലയും 3336 സ്ക്വയർ ഫീറ്റ് ഉണ്ടാകും. ജില്ലാ ഓഫിസിനോടൊപ്പം ഓൺലൈൻ പരീക്ഷാകേന്ദ്രവും പുതിയ കെട്ടിടത്തിലുണ്ടാവും. ഇരുന്നൂറിലധികം ഉദ്യോഗാർത്ഥികൾക്ക് ഒരേ സമയം ഓൺലൈൻ പരീക്ഷ എഴുതാനുള്ള സൗകര്യമാണ് ഒരുക്കുക.ഓഫിസിൻ്റെ ശിലാസ്ഥാപന കർമ്മം കട്ടപ്പന മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
ശിലാസ്ഥാപന പരിപാടിയിൽ പി എസ് സി ചെയർമാൻ ഡോ:എം.ആർ ബൈജു അധ്യക്ഷനായിരുന്നു . കമ്മീഷനംഗങ്ങളായ എസ്. വിജയകുമാരൻ നായർ, ഡോ. മിനി സക്കറിയാസ്, കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി, നഗരസഭാ കൗൺസിലർമാരായ ജാൻസി ബേബി, സോണിയ ജെയ്ബി എന്നിവർ സംസാരിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.