മികച്ച വില്ലേജ് ഓഫീസർ പുരസ്കാരം വീണ്ടും കട്ടപ്പനയിൽ എത്തിച്ച് അമ്പിളി പി മോഹനൻ

2022-ൽ പ്രഖ്യാപിച്ച റവന്യു അവാർഡിൽ ഇടുക്കി ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി കട്ടപ്പന വില്ലേജ് ഓഫീസർ ജെയ്സൺ ജെ ഒഴുകയിലിനും 2024-ൽ എം ജോർജ്ജ്കുട്ടിയും, ഈ വർഷം അമ്പിളി മോളുമാണ് അഭിമാനനേട്ടത്തിന് അർഹരായത്.കട്ടപ്പന വില്ലേജ് ഓഫീസിലും ഇത് അഭിമാന നേട്ടമാണ്.ഉടുമ്പൻചോല താലൂക്ക് ഓഫീസിൽ ക്ലർക്കായാണ് അമ്പിളിയുടെ ഔദ്യോഗിക ജീവിതത്തിന് തുടക്കമിടുന്നത്.
വയനാട് വൈത്തിരി താലൂക്ക് ഓഫീസിൽ കൂട്ട സ്ഥലമാറ്റത്തിൻ്റെ ഭാഗമായി ഏതാനും മാസം ജോലി ചെയ്തതിന് ശേഷം തൻ്റെ ഏറ്റവും പ്രീയപ്പെട്ട ഓഫീസുകളായ ഉടുമ്പൻചോല റവന്യു റിക്കവറി ഓഫീസ്, ഉടുമ്പൻചോല താലൂക്ക് ഓഫീസ്, ഉടുമ്പൻചോല എൽഎ ഓഫീസ്, എന്നിവിടങ്ങളിൽ തിരിച്ചെത്തി ക്ലർക്കായും, സീനിയർ ക്ലർക്കായും ജോലി ചെയ്തു. തുടർന്ന് 2017-ൽ ഉടുമ്പൻചോല താലൂക്കിലെ പാറത്തോട് വില്ലേജിൽ ആദ്യമായി വില്ലേജ് ഓഫീസറായി സ്ഥാനകയറ്റം കിട്ടി എത്തി.
തുടർന്ന് ഉടുമ്പൻചോല റവന്യു റിക്കവറി ഓഫീസിൽ ജോലി ചെയ്തതിന് ശേഷം ജന്മനാടായ ഇരട്ടയാർ വില്ലേജ് ഓഫീസറായി. രണ്ട് വർഷങ്ങൾക്ക് ശേഷം ഇടുക്കി താലൂക്കിലെ കട്ടപ്പനയിലെ ഭൂമി പതിവ് ഓഫീസിലെ റവന്യൂ ഇൻസ്പെക്ടറായി ജോലി ചെയ്തു. എട്ട് മാസങ്ങൾക്ക് മുമ്പാണ് കട്ടപ്പന വില്ലേജ് ഓഫീസറായി അമ്പിളി എത്തുന്നത്. മുണ്ടിയെരുമയിലാണ് സ്വഭവനം.
കട്ടപ്പന വില്ലേജ് ഓഫീസിലെ തന്റെ സഹപ്രവർത്തകരുടെ കൂട്ടായ പ്രവർത്തനമാണ് മികച്ച വില്ലേജ് ഓഫീസർ അവാർഡിന് തന്നെ അർഹയാക്കിയതെന്ന് അമ്പിളിമോൾ പി മോഹനൻ പറഞ്ഞു. കട്ടപ്പന വില്ലേജ് ഓഫീസർ അമ്പിളി മോൾ പി മോഹനനെ പുറമെ പീരുമേട് താലൂക്കിലെ കുമളി വില്ലേജ് ഓഫീസർ സജിലാൽ, തൊടുപുഴ താലൂക്കിലെ തൊടുപുഴ വില്ലേജ് ഓഫീസർ സുധർമ്മ കുമാരി ബി എന്നിവരെ ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർമാരായി തിരഞ്ഞെടുത്തിട്ടുണ്ട്.