വണ്ടിപ്പെരിയാറിൽ കാൽ നടയാത്രികനെ ഇടിച്ചിട്ട് സ്‌കൂട്ടർ നിർത്താതെ പോയതായി പരാതി. അപകടത്തിൽ പെരിയാർ എസ്റ്റേറ്റ് ജീവനക്കാരൻ എസ് പാൽ മുരുകന് ഗുരുതര പരിക്കേറ്റു
![വണ്ടിപ്പെരിയാറിൽ കാൽ നടയാത്രികനെ ഇടിച്ചിട്ട് സ്‌കൂട്ടർ നിർത്താതെ പോയതായി പരാതി. അപകടത്തിൽ പെരിയാർ എസ്റ്റേറ്റ് ജീവനക്കാരൻ എസ് പാൽ മുരുകന് ഗുരുതര പരിക്കേറ്റു](https://openwindownews.com/uploads/images/202502/image_870x_67a74fc6d6db4.jpg)
ഇന്നലെ രാത്രി 7 മണിയോടുകൂടിയായിരുന്നു പെരിയാർ എസ്റ്റേറ്റ് ജീവനക്കാരനായ എസ് പാൽമുരുകനെ കക്കിക്കവലയിൽ വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂട്ടി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ പാൽ മുരുകന്റെ തലയ്ക്ക് പരിക്കേറ്റു. നാട്ടുകാർ ചേർന്ന് ഇയാളെ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ഡോക്ടർ ഇല്ലാതിരുന്നതിനാൽ കുമളി 66 ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു.
പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. പരിശോധനയിൽ തലയോട്ടിക്ക് പൊട്ടൽ ഉള്ളതായി സ്ഥിരീകരിച്ചു. മുൻപ് സ്ട്രോക്ക് വന്നതു മൂലം പാൽ മുരുകന്റെ കാലിന് അൽപ്പം സ്വാധീനക്കുറവുണ്ട്. പരിക്ക് ഗുരുതരമായതിനാൽ നീണ്ട വിശ്രമം വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
എസ്റ്റേറ്റ് തൊഴിലാളികളായ ഈ കുടുംബത്തിന്റെ ജീവിതമാർഗ്ഗവും ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്. പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇടിച്ചിട്ട് നിർത്താതെ പോയ സ്‌കൂട്ടർ ട്ടിയാത്രികനായി വണ്ടിപ്പെരിയാർ പോലീസ് അന്വേഷണമാരംഭിച്ചു.