നൈപുണ്യ വികസനത്തിന് അവസരമൊരുക്കേണ്ടത് അത്യാവശ്യം : ജില്ലാ കളക്ടര്‍
യുവതയ്ക്ക് അവരുടെ കഴിവിനും ആഗ്രഹങ്ങള്‍ക്കും അനുസൃതമായി വൈദഗ്ധ്യം നേടാന്‍ അവസരമൊരുക്കേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. ലോക യുവജനനൈപുണ്യ ദിനാഘോഷവും ട്രെയിനര്‍ രജിസ്‌ട്രേഷന്‍ ഡ്രൈവും ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. ഏതൊരു ജോലിക്കും യുവതയെ പ്രാപ്തരാക്കുന്നതിനുള്ള പ്രാഥമിക മാര്‍ഗമാണ് നൈപുണ്യവികസനം. സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും സംഭാവന ചെയ്യാന്‍ കഴിയുന്ന നൈപുണ്യവും സാങ്കേതിക യോഗ്യതയുമുള്ള തൊഴില്‍ ശക്തി സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ പരിഗണന നല്‍കുന്നതായി കളക്ടര്‍ പറഞ്ഞു. യുവജന നൈപുണ്യ ദിന പ്രതിജ്ഞ കളക്ടര്‍ ചൊല്ലി കൊടുത്തു. ട്രെയിനര്‍ രജിസ്‌ട്രേഷന്‍ ഡ്രൈവ് ക്യൂ ആര്‍ കോഡ് പ്രകാശനവും കളക്ടര്‍ ചടങ്ങില്‍ നിര്‍വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ വീഡിയോയിലൂടെ യുവജനനൈപുണ്യ ദിന സന്ദേശം നല്‍കി.
ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ ബഷീര്‍ എംഎം അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ വിവിധ നൈപുണ്യ വികസന സംരംഭങ്ങളെ ഏകോപിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
യു എന്‍ നിര്‍ദേശ പ്രകാരം യുവജനങ്ങള്‍ക്ക് തൊഴില്‍, മാന്യമായ ജോലി, സംരംഭകത്വം എന്നിവയ്ക്ക് ആവശ്യമായ വൈദഗ്ധ്യം നല്‍കേണ്ടതിന്റെ പ്രാധാന്യം ലോകമെമ്പാടും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും ജൂലൈ 15 ലോക യുവജന നൈപുണ്യ ദിനമായി ആചരിക്കുന്നത്. 'പരിവര്‍ത്തനാത്മകമായ ഭാവിക്കായി അധ്യാപകര്‍, പരിശീലകര്‍, യുവാക്കള്‍ എന്നിവരെ പരിശീലിപ്പിക്കുക', എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. യുവാക്കള്‍ക്ക് നൈപുണ്യവും തൊഴില്‍ ശേഷിയും നല്‍കുന്നതില്‍ അധ്യാപകര്‍, പരിശീലകര്‍ എന്നിവരുടെ പങ്ക് തിരിച്ചറിയുകയും അവരുടെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ. റീന നായര്‍ നൈപുണ്യവികസനത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ക്ലാസ് നയിച്ചു. ട്രെയിനര്‍ രജിസ്‌ട്രേഷന്‍ ഡ്രൈവിനെ കുറിച്ച് കെയ്‌സ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ രഞ്ജിത്ത് കുമാര്‍ പ്രതിപാദിച്ചു.
മഹാത്മാഗാന്ധി നാഷണല്‍ ഫെലോ ബിയാസ് മുഹമ്മദ്, ജില്ലാ സ്‌കില്‍ കമ്മറ്റി അംഗങ്ങള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ പങ്കെടുത്തു.