കമ്പംമെട്ട് സി ഐക്കെതിരെ വീണ്ടും പരാതി
ഓട്ടോ ഡ്രൈവറെ, കമ്പംമെട്ട് സിഐ ഷമീര്‍ ഖാന്‍ അകാരണമായി മര്‍ദ്ധിച്ച ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ്, പുതിയ ആരോപണവുമായി നാട്ടുകാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. സീഡ് സൊസൈറ്റിയുമായി ബന്ധപെട്ട തട്ടിപ്പുകള്‍ സംബന്ധിച്ച്, പണം നഷ്ടപെട്ടവര്‍ നല്‍കുന്ന പരാതികള്‍ സ്വീകരിയ്ക്കുന്നില്ലെന്നാണ് ആക്ഷേപം.
സീഡിന്റെ കരുണാപുരം പഞ്ചായത്തിലെ കോ ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു വന്നിരുന്നത് സിപിഎം ലോക്കല്‍ സെക്രട്ടറിയായ വ്യക്തിയാണ്. ഇയാളുടെയും പഞ്ചായത്ത് അംഗങ്ങളുടെയും ഉറപ്പിലാണ് പലരും പണം നിക്ഷേപിച്ചത്. ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും, കമ്പംമെട്ട് പോലിസ് പരാതി സ്വീകരിയ്ക്കാന്‍ പോലും തയ്യാറാവുന്നില്ല. തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പടെ, പണം നഷ്ടമായവര്‍ പോലിസ് സ്‌റ്റേഷന് മുന്‍പില്‍ ഒത്തു ചേര്‍ന്നു.
സീഡ് സൊസൈറ്റിയുടെ തട്ടിപ്പില്‍ ഏറ്റവും അധികം പണം നഷ്ടമായ മേഖലകളില്‍ ഒന്നാണ് കരുണാപുരം അടക്കമുള്ള നെടുങ്കണ്ടം ബ്ലോക്കിലെ വിവിധ മേഖലകള്‍. ജനപ്രതിനിധികളുടേയും പൊതു പ്രവര്‍ത്തകരുടേയും ഉറപ്പിലായിരുന്നു പലരും പണം നിക്ഷേപിച്ചത്. സീഡിന്റെ അക്കൗണ്ടിൽ അല്ലാതെ സി പി എം നേതാവ് ഉൾപടെയുള്ളവരുടെ പക്കൽ നേരിട്ട് പണം നൽകിയവരും നിരവധി ആണ്.
ഇത് സൂചിപ്പിച്ചിട്ടും പോലിസ് പരാതി സ്വീകരിയ്ക്കുന്നില്ല.സിപിഎം പ്രാദേശിക നേതാവായ, പി.പി സുശീലന്‍ ഉള്‍പ്പടെ, പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയ പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെയും പരാതി സ്വീകരിച്ചില്ലെങ്കില്‍, തുടര്‍ സമര പരിപാടികള്‍ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.