കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളി സ്ത്രീ മരിച്ചു

സംസ്ഥാന അതിർത്തി ജില്ലയായ തേനി ഗൂഢല്ലൂരിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളി സ്ത്രീ മരിച്ചു.ഗുഢല്ലൂർ, വേളാങ്കാട് ഭാഗത്ത് പിച്ചൈയുടെ ഭാര്യ സരസ്വതി (58)യാണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം.
വെട്ടുകാട് ഭാഗത്ത് കൃഷിയിടത്തിൽ ജോലിക്ക് പോയി മടങ്ങി വരുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.ഇരുവരും ഇരുചക്രവാഹനത്തിൽ വരുന്നതിനിടെ ആനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. വാഹനം ഉപേക്ഷിച്ച് ഓടിയ ഇരുവർക്കും പിന്നാലെ ഓടിയെത്തിയ ആന സരസ്വതിയെ തട്ടി തെറിപ്പിച്ചാണ് അപകടം ഉണ്ടായത്.
വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ സരസ്വതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭർത്താവ് പിച്ചൈ പരിക്കുകൾ ഏൽക്കാതെ ഓടി രക്ഷപ്പെട്ടു.ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാർ ബഹളം വെച്ചതോടെ ആന കാട്ടിലേക്ക് കയറി പോവുകയായിരുന്നു.പ്രതിഷേധവുമായി രംഗത്തെത്തി നാട്ടുകാർ പിന്നീട് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.