ഇടമലക്കുടിയിലെ ഹരിത ഓഫീസ് പ്രവർത്തനങ്ങൾ വിലയിരുത്തി ഹരിതകേരളം മിഷൻ

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ ഹരിത ഓഫീസ് പ്രവർത്തനങ്ങൾ വിലയിരുത്തി. ഹരിതകേരളം മിഷന്റെ നേത്യത്വത്തിൽ നടക്കുന്ന അഞ്ചൂനാട് മൌണ്ടൻ ലാന്റ്സ്കേപ് പ്രോജക്ടിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച ഹരിതകേരളം മിഷൻ സംസ്ഥാനതല ടീം ആണ് വിലയിരുത്തൽ നടത്തിയത്.
ഇടമലക്കുടിയിലെ വെള്ളവരക്കുടി, പരപ്പയാർക്കുടി, ഇടലിപ്പാറക്കുടി, സൊസൈറ്റിക്കുടി, മേവളയാൻ പാറക്കുടി, കീഴ്വളയാൻ പാറക്കുടി, തുടങ്ങിയ സ്ഥലങ്ങൾ സംഘം സന്ദർശിച്ചു. വിവിധ കുടികളിലെ അങ്കണവാടികൾ, ഇടമലക്കുടി ഗവ ട്രൈബൽ എൽ.പി.എസ്, ഇടമലക്കുടി പ്രാഥമികരോഗ്യകേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങൾ സംഘം സന്ദർശിച്ചു. ഇതോടൊപ്പം ഓരോ കുടിയിലുള്ളവരോടും ശുചിത്വ ശീലങ്ങൾ സംബന്ധിച്ച് ആശയവിനിമയം നടത്തി.
സൊസൈറ്റിക്കുടിയിലെ ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്ന യോഗത്തിൽ ജനപ്രതിനിധികളും ഇടമലക്കുടി നിവാസികളുമുൾപ്പെടുന്ന സംഘത്തിന് പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവുകുറയ്ക്കൽ, പ്ലാസ്റ്റിക് കത്തിക്കൽ, ഒഴിവാക്കൽ, വലിച്ചെറിയൽ രഹിത പ്രദേശമാക്കി മാറ്റൽ എന്നീ വിഷയങ്ങളിൽ ഹരിതകേരളം മിഷൻ പ്രോഗ്രാം ഓഫീസർ വി.രാജേന്ദ്രൻ ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ വച്ച് വിവിധ ഹരിതസ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റുകൾ ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ അജയ് പി. കൃഷ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. സംസ്ഥാന മിഷനിൽ നിന്നും പ്രോഗ്രാം ഓഫീസർ ആർ.വി. സതീഷ്, പ്രോജക്ട് കോർഡിനേറ്റർ ലിജി ജോർജ് എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അരുൺകുമാർ സംഘത്തിന്റെ സന്ദർശനത്തിന് നേതൃത്വം നൽകി.