അടിമാലിയിൽ കാട്ടിറച്ചിയുമായി രണ്ടുപേർ പോലീസ് പിടിയിൽ
![അടിമാലിയിൽ കാട്ടിറച്ചിയുമായി രണ്ടുപേർ പോലീസ് പിടിയിൽ](https://openwindownews.com/uploads/images/202501/image_870x_67923fc533691.jpg)
കുപ്രസിദ്ധ കുറ്റവാളി വീരപ്പൻ സന്തോഷ് എന്ന് വിളിക്കുന്ന ഇരുമ്പുപാലം പതിനാലാംമൈൽ നരിക്കുഴിക്കുന്നേൽ സന്തോഷ് തോമസിനെ പഴംമ്പള്ളിച്ചാലിൽ ഒളിവിൽ താമസിപ്പിച്ചിരിക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാട്ടിറച്ചിയുമായി രണ്ടു പേർ പോലീസ് പിടിയിലായത്. പഴമ്പിള്ളിച്ചാൽ വള്ളനമറ്റത്തിൽ ഷൈൻ, കണ്ണൂർ രാമമംഗലം സ്വദേശി ഹരീഷ് എന്നിവരാണ് അടിമാലി പോലീസിന്റെ പിടിയിലായത്.
ഇതിൽ പഴമ്പള്ളിചാലിലുള്ള ഷൈന്റെ വീട്ടിൽ വീരപ്പൻ സന്തോഷിനെ ഒളിവിൽ താമസിപ്പിച്ചിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. ഇത് പരിശോധിക്കാൻ പോലീസ് എത്തിയപ്പോളാണ് വീടിന്റെ പുറകിൽ പാകം ചെയ്യാനുള്ള തയ്യാറെടുപ്പുമായി മ്ലാവിന്റെ ഇറച്ചി കണ്ടെത്തിയത്. അഞ്ച് കിലോയോളം മ്ലാവ് ഇറച്ചി പോലീസ് കണ്ടെടുത്ത് വനം വകുപ്പിന് കൈമാറി.
അതേസമയം സന്തോഷ് തോമസിനെ ഒളിവിൽ താമസിക്കാൻ സഹായിച്ചതിന് പ്രതികൾക്കെതിരെ അടിമാലി പോലീസ് കേസെടുക്കുകയും പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. വീരപ്പൻ സന്തോഷ് എന്ന ആൾ കുറെ നാളുകൾക്കു മുൻപ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ വധശ്രമം നടത്തിയ കേസിൽ ഒളിവിൽ തുടരുകയാണ്.