തദ്ദേശ വാര്‍ഡ് വിഭജനം :ജില്ലാതല ഹിയറിംഗ് ജനുവരി 18 ന് കലക്ടറേറ്റിൽ
കരട് വാർഡ്/നിയോജകമണ്ഡല വിഭജന നിർദ്ദേശങ്ങളിന്മേലുള്ള ആക്ഷേപങ്ങൾ, അഭിപ്രായങ്ങൾ എന്നിവ തീർപ്പാക്കുന്നതിനായി ജില്ലാതല ഹിയറിംഗ് (നേര്‍വിചാരണ) ജനുവരി 18 ശനി രാവിലെ 9 മുതൽ കലക്ടറേറ്റിൽ നടത്തും. കരട് വിഭജന നിർദ്ദേശങ്ങൾ നവംബർ 18 ന് പ്രസിദ്ധികരിച്ചിരുന്നു. അതിന്മേലുള്ള പരാതികളും നിർദ്ദേശങ്ങളും 2024 ഡിസംബർ നാല് വരെയാണ് ഡീലിമിറ്റേഷൻ കമ്മീഷൻ സ്വീകരിച്ചത്. മൊത്തം 483 പരാതികളാണ് ലഭിച്ചത്.
അടിമാലി, അഴുത, ദേവികുളം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളിലെ 194 പരാതികളിൽ രാവിലെ 9 മുതലും ഇളംദേശം, ഇടുക്കി,കട്ടപ്പന ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ കട്ടപ്പന മുനിസിപ്പാലിറ്റി എന്നിവയിലെ 166 പരാതികളിൽ രാവിലെ 11 മുതലും നെടുങ്കണ്ടം,തൊടുപുഴ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ , തൊടുപുഴ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ 123 പരാതികളിൽ ഉച്ചക്ക് 2.30 മുതലും ഹിയറിങ് നടക്കും .കലക്ടറേറ്റിലെ മെയിൻ , മിനി കോൺഫറൻസ് ഹാളുകളിലാണ് പരാതിക്കാർ എത്തേണ്ടത്.
മാസ് പെറ്റിഷൻ നൽകിയിട്ടുള്ളവരിൽ നിന്നും ഒരു പ്രതിനിധിയെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളു .സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷന് നേരിട്ടും, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുഖേനയും ആക്ഷേപങ്ങൾ സമർപ്പിച്ച പരാതിക്കാരെ നേരിൽ കേൾക്കും. ഹീയറിംഗിന് ശേഷം പരാതികൾ വിശദമായി പരിശോധിച്ച് കമ്മീഷൻ അന്തിമ വാർഡ് വിഭജന വിജ്ഞാപനം പുറപ്പെടുവിക്കും.
ഹിയറിംഗിൻ്റെ മുന്നോടിയായി ഒരുക്കങ്ങൾ സംബന്ധിച്ച പ്രത്യേക യോഗം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും കളക്ടറുമായ വി വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്നു. ഹിയറിംഗ് സംബന്ധിച്ച അറിയിപ്പ് പരാതിക്കാർക്ക് നേരിട്ട് നൽകാൻ എൽ എസ് ജി ഡി ജോയിൻ്റ് ഡയരക്ടർക്ക് നിർദ്ദേശം നൽകി. ഹിയറിംഗ് ഹാളിൻ്റെ സുരക്ഷാ ക്രമീകരണങ്ങൾ ജില്ലാ പൊലീസിൻ്റെ നേതൃത്വത്തിൽ നടത്തും. ഹിയറിംഗ് ഹാളിലെ ഇൻ്റർനെറ്റ് സംവിധാനം കെസ് വാൻ ഉറപ്പാക്കും യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എം കെ ഷാജി മറ്റുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.