സിപിഐ ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും

പാർട്ടി രൂപീകരിച്ചിട്ട് 100 വർഷം തികയുന്ന വർഷത്തിലാണ് ഈ സമ്മേളനങ്ങൾ നടക്കുന്നതെന്ന പ്രത്യേകത ഈ സമ്മേളനങ്ങൾക്കുണ്ട്. ജില്ലയിലെ 760 ബ്രാഞ്ച് സമ്മേളനങ്ങൾ ജനുവരി , ഫെബ്രുവരി മാസങ്ങളിൽ പൂർത്തിയാകും. 92 ലോക്കൽ സമ്മേളനങ്ങൾ മാർച്ച് - ഏപ്രിൽ മാസങ്ങളിലായി നടക്കും . ലോക്കൽ സമ്മേളനങ്ങളോട് അനുബന്ധിച്ച് പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
പാർട്ടിയുടെ 10 മണ്ഡലം സമ്മേളനങ്ങൾ മെയ് മാസത്തിൽ നടക്കും. ജില്ലാ സമ്മേളനം ജൂലൈ 18 ,19 ,20 തീയതികളിൽ കട്ടപ്പനയിൽ വച്ച് നടത്തുന്നതിന് പൈനാവ് കെ ടി ജേക്കബ് സ്മാരകത്തിൽ അഡ്വക്കേറ്റ് ചന്ദ്രപാലിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. പാർട്ടി സംസ്ഥാന സമ്മേളനം മെയ് 12 മുതൽ 15 വരെ ആലപ്പുഴയിലും, ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസ് സെപ്റ്റംബർ 21 മുതൽ 25 വരെ പഞ്ചാബിലെ ചണ്ഡീഗഡിൽ വച്ചും നടക്കും. ഈ സമ്മേളനങ്ങളിൽ എല്ലാം രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഗൗരവമായി പരിശോധിക്കും.
അതോടൊപ്പം പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിയെ പൂർണ്ണമായും സജ്ജമാക്കാനുള്ള പരിപാടികൾക്കും സമ്മേളനങ്ങൾ രൂപം നൽകും . പൈനാവിൽ ചേർന്ന ഡിസി യോഗത്തിൽ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി , സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ അഷറഫ്, ജില്ലാ സെക്രട്ടറി കെ സലിംകുമാർ , കെ കെ ശിവരാമൻ ,പി പഴനിവേൽ,പ്രിൻസ് മാത്യു , ജോസ് ഫിലിപ്പ് , ജയാ മധു, വി കെ ധനപാൽ , എന്നിവർ പങ്കെടുത്തു.