സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനത്തോടെ ദേശീയ മത്സരത്തിന് യോഗ്യത നേടി അണക്കര സ്വദേശി അഖില്‍ ഗിരീഷ്

നാലുവർഷക്കാലമായി സൈക്ലിംഗ് രംഗത്ത് അഖിലും സഹോദരൻ അർജുനും ചേറ്റുകുഴി നവജീവൻ സൈക്ലിംഗ് ക്ലബ്ബിൽ നിന്നും പരിശീലനം നേടുകയും ഇടുക്കി സൈക്ലിംഗ് അസോസിയേഷന്റെ പരിശീലകനായ രാജേഷ് പി കെ യുടെ ശിക്ഷണത്തിൽ വിവിധ സൈക്ലിംഗ് മത്സരങ്ങളിൽ പങ്കെടുത്ത് ജില്ലാ, സംസ്ഥാന തലങ്ങളിൽ വിജയികളായി വരുകയും ചെയ്യുന്നു. ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുക എന്നത് അഖിലിന്റെ സ്വപ്നമായിരുന്നു.
കഴിഞ്ഞ ദിവസം തൊടുപുഴ ഇടവെട്ടിയിൽ നടന്ന 21-ാ മത് സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇടുക്കി ജില്ലയിൽ നിന്നും മത്സരിച്ച അഖിൽ ഗിരീഷ് നാലാമനായി ദേശീയ മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യത നേടി തൻ്റെ ചിരകാല സ്വപ്നത്തിന് തൊട്ടടുത്ത് എത്തിയിരിക്കുകയാണ്. എന്നാൽ പൂനെയിൽ വെച്ച് നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയപ്പോൾ മത്സരിച്ച് വിജയിക്കുവാൻ അനുയോജ്യമായ ഒരു സൈക്കിൾ ഇല്ലാ എന്നത് പ്രതിസന്ധിയാണ്.
ചുരുങ്ങിയത് രണ്ടര ലക്ഷം രൂപയെങ്കിലും വില വരുന്ന സൈക്കിൾ സ്വന്തം നിലയിൽ വാങ്ങുവാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ടിലാണ് തങ്ങളെന്ന് ഓട്ടോ മെക്കാനിക്കായ പിതാവ് എൻ പി ഗിരീഷ് പറഞ്ഞു. സൈക്കിൾ സ്പോൺസർ ചെയ്യാൻ തയ്യാറുള്ള ആളുകളെ കണ്ടെത്തി ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കണമെന്ന ആഗ്രഹത്തിലാണ് അഖിലും കുടുംബവും. ആർമിയിൽ ചേർന്ന് രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിക്കുക എന്നതാണ് അഖിലിന്റെ ലക്ഷ്യം. വണ്ടൻമേട് എം ഇ എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് അഖിൽ.