റോഡ് നിർമ്മാണത്തിനായി എത്തിച്ച അസംസ്കൃത വസ്തുക്കൾ കരാറുകാരൻ തിരികെ കൊണ്ടുപോയതായി പരാതി

2023- 24 വർഷത്തിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൻ്റ നേതൃത്വത്തിൽ വെള്ളപ്പൊക്കക്കെടുതി പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തിയാണ് വാത്തിക്കുടി പഞ്ചായത്തിലെ സേനാപതി - കോണാട്ടുപടി - കള്ളിപ്പാറ റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി 5 ലക്ഷം രൂപ നീക്കിവച്ചത് . ഭരണാനുമതി ലഭിച്ച പണികൾക്കായി ടെൻ്റർ എടുത്ത കരാറുകാരൻ ടാറിങ്ങിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ സ്ഥലത്ത് ഇറക്കുകയും ചെയ്തു.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പണികൾ ആരംഭിച്ചില്ല. കഴിഞ്ഞ ദിവസം മുരിക്കാശ്ശേരി - ചെമ്പകപ്പാറ റോഡിൻറെ സമീപത്ത് കൂട്ടിയിട്ടിരുന്ന മെറ്റലും ടാറും ഉൾപ്പെടെയുള്ള വസ്തുക്കൾ കരാറുകാരൻ തിരികെ കൊണ്ടുപോയി. ഇത് സംബന്ധിച്ച് നാട്ടുകാർ ഇടുക്കി ബ്ലോക്ക് പഞ്ചായത്തിനെ സമീപിച്ചപ്പോൾ പദ്ധതി നടപ്പാക്കാൻ കഴിയില്ല എന്ന മറുപടിയാണ് ലഭിച്ചതെന്നും പറയുന്നു. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിൻറെ പുനരുദ്ധാരണം നാട്ടുകാർ കാലങ്ങളായി ആവശ്യപ്പെടുന്നതാണ്.പദ്ധതി അട്ടിമറിച്ചതിനെതിരെ അന്വേഷണം വേണമെന്നും അടിയന്തരമായി റോഡ് പൂർത്തിയാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.