മൂന്നാറില്‍ വീണ്ടും അനധികൃത വഴിയോരവില്‍പ്പനശാലകള്‍ക്കെതിരെ നടപടി
മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള വഴിയോര വില്‍പ്പനശാലകള്‍ നാളുകള്‍ക്ക് മുമ്പ് നീക്കം ചെയ്തിരുന്നു.പിന്നീട് ഒഴിപ്പിക്കലിനെതിരെ രാഷ്ട്രീയ സമ്മര്‍ദ്ദമേറിയതോടെ നടപടികള്‍ നിര്‍ത്തി വച്ചു.മൂന്നാറിലെ അനധികൃത വഴിയോര വില്‍പ്പനശാലകള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പിന്നീട് ചില കോടതി നിര്‍ദ്ദേശങ്ങളുമുണ്ടായി. ഇതിന് ശേഷമാണിപ്പോള്‍ വീണ്ടും അനധികൃത വഴിയോരവില്‍പ്പനശാലകള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്.
പള്ളിവാസല്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന രണ്ടാംമൈലിലടക്കം ദേശിയപാതയോരത്ത് പ്രവര്‍ത്തിച്ച് വന്നിരുന്ന വഴിയോരകച്ചവട ശാലകള്‍ നീക്കം ചെയ്തു.വന്‍ പോലീസ് സന്നാഹത്തോടെയായിരുന്നു ഒഴിപ്പിക്കല്‍ ജോലികള്‍ നടത്തിയത്. വിവിധ സ്‌റ്റേഷനുകളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിരുന്നു.വഴിയോര വില്‍പ്പനശാലകള്‍ വര്‍ധിച്ചതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഗതാഗതകുരുക്ക് രൂക്ഷമാകുന്നുവെന്ന പരാതി വ്യാപകമായി ഉയര്‍ന്നിരുന്നു.ഈ സാഹചര്യത്തില്‍ കൂടിയാണ് ഇപ്പോഴത്തെ ഒഴിപ്പിക്കല്‍ നടപടി.