നഗരസഭ പരിധിയിലെ സ്ഥാപനങ്ങളിലും ടൗണിനോട് ചേർന്ന വീടുകളിലും ജൈവമാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി നിശ്ചയിച്ചിരിക്കുന്ന തുക വ്യാപാരികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു എന്ന് പരാതി

മാലിന്യമുക്ത നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് 2025 മാർച്ച് 25 നകം എല്ലാ വീടുകളിലും സ്ഥാപനങ്ങളും ജൈവമാലിന്യങ്ങൾ ശാസ്ത്രിയമായി സംസ്കരിക്കുന്ന സംവിധാനങ്ങൾ സ്വയം ഏർപ്പെടുത്തുകയോ നഗരസഭ നിർദേശിക്കുന്ന ഏജൻസികൾക്ക് യൂസർ ഫീ നൽകി കൈമാറുക ചെയ്യണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് കട്ടപ്പന നഗരസഭ പരിധിയിൽ ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലാത്ത വ്യാപാര സ്ഥാപനങ്ങളിലും ടൗണിനോട് ചേർന്നുള്ള വീടുകളിലും അപ്പാർട്ട്മെന്റുകൾക്കും നഗരസഭ അധികൃതർ നോട്ടീസ് നൽകിയത്.
ജൈവ മാലിന്യങ്ങൾ അംഗീകൃത ഏജൻസികൾക്ക് കൈമാറണം എന്നാണ് നിർദ്ദേശം. വീടുകൾക്കും അപ്പാർട്ട്മെന്റുകൾക്കും പ്രതിമാസം 750 രൂപ, സ്ഥാപനങ്ങൾക്ക് അഞ്ച് കിലോ വരെ അമ്പത് രൂപ, എന്നിങ്ങനെയാണ് ഏജൻസിക്ക് നൽകേണ്ട ഫീസ്. എന്നാൽ ഈ തുക വ്യാപാരികൾക്ക് പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഹോട്ടൽ പച്ചക്കറി തുടങ്ങിയ സ്ഥാപനങ്ങളിൽ ഓരോ ദിവസവും അഞ്ച് കിലോയെക്കാൾ ഇരട്ടിയിലധികം ജൈവ മാലിന്യങ്ങൾ ഉണ്ടാകാറുണ്ട്.
ആ സാഹചര്യത്തിൽ വലിയ തുകയാണ് ഏജൻസിക്ക് നൽകേണ്ടി വരിക. ഇത് വ്യാപാര സ്ഥാപനങ്ങളേ അടച്ചുപൂട്ടിലേക്ക് എത്തിക്കാനും കാരണമാകും. വിഷയത്തിൽ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്സൺ ബീന റ്റോമിക്ക് നിവേദനം നൽകി.നഗരസഭ പരിധിയിൽ സ്വന്തമായി ജൈവമാലിന്യ സംസ്കരണ സംവിധാനം ഇല്ലാത്ത സ്ഥാപനങ്ങളും ടൗണിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വീടുകളും നിർബന്ധമായി ഈ പദ്ധതിയിൽ അംഗമാക്കേണ്ടതാണെന്നും നോട്ടീസിൽ നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം ഏതാനും വർഷങ്ങൾക്കുമുമ്പ് മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മിക്കാൻ എന്ന പേരിൽ വ്യാപാരികളിൽ നിന്നും വൻ പണപ്പിരിവ് നടത്തിയിട്ടുണ്ട് എന്ന് വ്യാപാരികൾ പറയുന്നു. വർഷങ്ങൾക്കു മുമ്പ് മാലിന്യ സംസ്കരണത്തിനായി പിരിവ് നടത്തിയിട്ടും വീണ്ടും ഇത്തരത്തിൽ മാസപ്പടി വാങ്ങുന്നത് പ്രതിഷേധത്തിന് കാരണമാകുമെന്നും, നിലവിൽ വ്യാപാര മേഖല ബുദ്ധിമുട്ട് നേരിടുന്ന സന്ദർഭത്തിൽ വൻതുക മാന്യസംസ്കരണത്തിന്റെ പേരിൽ ഈടാക്കാൻ പാടില്ല എന്നും വ്യാപാരികൾ പറഞ്ഞു.